ജിദ്ദ - വിദേശ ഹജ് തീര്‍ഥാടകരുടെ ലഗേജുകള്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് താമസസ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുന്ന സേവനം അടുത്ത ഹജിന് കൂടുതല്‍ വിപുലമാക്കുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏതാനും പുതിയ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്ക് നല്‍കി. ഇതില്‍ പ്രധാനം ഹാജിമാരുടെ ലഗേജുകള്‍ എയര്‍പോര്‍ട്ടുകളില്‍നിന്ന് നേരിട്ട് താമസസ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്ന സേവനമായിരുന്നു.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയഷനുമായും ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളുമായും സഹകരിച്ച് കഴിഞ്ഞ ഹജിന് അഞ്ചു ലക്ഷത്തോളം ബാഗേജുകള്‍ ഈ രീതിയില്‍ ഹാജിമാരുടെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കി. ഈ സേവനം അടുത്ത ഹജിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടും. എയര്‍പോര്‍ട്ടുകളില്‍ ലഗേജുകള്‍ക്ക് കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കിയും ലഗേജുകള്‍ വഹിക്കേണ്ട പ്രയാസങ്ങള്‍ ഇല്ലാതെയും നേരിട്ട് താമസസ്ഥലങ്ങളിലേക്ക് പോകാന്‍ ഈ സേവനം ഹാജിമാരെ സഹായിക്കുന്നു.
വിദേശ ഹാജിമാരുടെ നടപടിക്രമങ്ങള്‍ സൗദിയിലേക്ക് പുറപ്പെടുന്നതിനു മുമ്പായി സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതിയും വിജയകരമായ പദ്ധതികളില്‍ ഒന്നാണ്. വിദേശ ഹജ് തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ മക്ക റൂട്ട് പദ്ധതി എളുപ്പമാക്കുന്നു. ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളും മേഖലകളും നടത്തുന്ന യോജിച്ച പ്രയത്‌നങ്ങളിലൂടെ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ രാജ്യം ഉയര്‍ന്ന നിലയിലെത്തി. ഹജ്, ഉംറ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്ന നിരവധി സംരംഭങ്ങള്‍ സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.