Sorry, you need to enable JavaScript to visit this website.

വൻ മരങ്ങളെ കടപുഴക്കി രാജസ്ഥാനിലും സർപ്രൈസ്; കന്നിയങ്കത്തിൽ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ

ജയ്പൂർ - കാത്തിരിപ്പിനു പിന്നാലെ രാജസ്ഥാനിലും സർപ്രൈസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം. മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയെയും മറ്റ് മുതിർന്ന നേതാക്കളെയും തഴഞ്ഞ് സംഗനേർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി കൂടിയായ ഭജൻലാൽ ശർമ്മയെയാണ് പാർട്ടി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
  ജയ്പൂരിൽ നടന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിൽ എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചക്കുശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലും മദ്ധ്യപ്രദേശിലും മുഖ്യമന്ത്രി കസേരയിൽ പുതുമുഖങ്ങളെ നിയോഗിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും പാർട്ടി ആ വഴിക്കു തന്നെ നീങ്ങിയത്. 
 ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാൽ ശർമ്മ ആദ്യമായാണ് എം.എൽ.എയാകുന്നത്. അങ്ങനെ കന്നിയങ്കത്തിൽതന്നെ മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യവും ഭജൻലാലിനുണ്ടായി. കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ഭജൻലാൽ ശർമ്മ തന്റെ വരവറിയിച്ചത്. നാലു ടേമുകളിൽ ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച ഭജൻ ലാൽ ശർമ എ.ബി.വി.പിയിലും ആർ.എസ്.എസിലുമുള്ള സംഘടനാ പ്രവർത്തനത്തിലൂടെ തന്റെ നേതൃപാടവം തെളിയിച്ചതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാലാണ് സഭയിലെ പുതുമുഖമായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ഉയർത്താൻ നേതൃത്വത്തിന് ധൈര്യം വന്നതെന്നാണ് പറയുന്നത്.
  മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി അവകാശവാദം ഉന്നയിച്ച വസുന്ധര രാജെയ്ക്കു പുറമെ രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സി.പി ജോഷി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്രസിങ് ഷെഖാവത്ത്, അൽവാറിൽനിന്നുള്ള എം.എൽ.എ മഹന്ത് ബാലക്‌നാഥ് തുടങ്ങിയ പേരുകളും ഉയർന്നിരുന്നു.
 ദിയ കുമാരിയും പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാർ. ദിയാ കുമാരി രജപുത്ര വിഭാഗത്തിലും പ്രേംചന്ദ് ബൈർവ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് പുറമെ, നിരീക്ഷകരായ രാജ്യസഭാ എം.പി സരോജ് പാണ്ഡെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോജ് എന്നിവരും എം.എൽ.എമാരുടെ യോഗത്തിൽ പങ്കെടുത്തു.

Latest News