ബംഗളൂരു- കര്‍ണാടകയില്‍ വയോധികരായ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏക മകനെ ചോദ്യം ചെയ്യുന്നു. ബംഗളൂരുവിനടുത്ത് ഹോസ്‌കോട്ടിലെ സുലിബെലെ എന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം 70 കാരനായ രാമകൃഷ്ണപ്പയേയും 65 വയസ്സായ ഭാര്യ മുനിരമക്കയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാമകൃഷ്ണപ്പയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുനിരമക്കയുടെ കൈകളിലും കഴുത്തിലും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. ദമ്പതികളുടെ മൂത്തമകള്‍ ശകുന്തളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത സൂലിബെലെ പോലീസ് ഇളയ മകന്‍ നരസിംഹമൂര്‍ത്തിയെയും ഭാര്യ ഭാഗ്യമ്മയെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
സ്വത്ത് കൈക്കലാക്കാനാണ് നരസിംഹമൂര്‍ത്തിയും ഭാഗ്യമ്മയും മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് ശകുന്തള പരാതിയില്‍ ആരോപിച്ചു. ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളും ഒരു മകനുമുണ്ട്. എല്ലാവരും വിവാഹിതരാണ്.
16 വര്‍ഷമായി നരസിംഹമൂര്‍ത്തി ഭാര്യയോടൊപ്പം മറ്റൊരു സ്ഥലത്താണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നരസിംഹമൂര്‍ത്തി കന്നഡ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്.
സ്വത്ത് മക്കള്‍ക്ക് തുല്യമായി വീതിക്കാനുള്ള മാതാപിതാക്കളുടെ നീക്കത്തില്‍ നരസിംഹമൂര്‍ത്തിക്ക് അതൃപ്തിയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബംഗളൂരു പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി കുറുബറപ്പേട്ടയിലെത്തി. ഡിസംബര്‍ ഒമ്പതിന് കൊലപാതകം നടന്നിരിക്കാമെന്നാണ് കരുതുന്നത്. ഡിസംബര്‍ 10 ന് ശകുന്തള മാതാപിതാക്കളെ കാണാനെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുറത്ത് കിടക്കുന്ന മാതാപിതാക്കളുടെ ചെരിപ്പുകള്‍ ശകുന്തളുടെ ശ്രദ്ധയില്‍ പെട്ടതായിരുന്നു സംശയത്തിനു കാരണം. പോലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദമ്പതികളെ കണ്ടെത്തി.