കോഴിക്കോട്- മുസ്ലിം പെൺകുട്ടികളെ സി.പി.എം പിന്തുണയോടെ ആസൂത്രിതമായി മതംമാറ്റി വിവാഹം ചെയ്യിപ്പിക്കുന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസം ഇ.കെ സമസ്ത വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രസ്താവനക്ക് എതിരെ രംഗത്തെത്തുകയും മിശ്രവിവാഹം തടയാനികില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ വിവാദം നിലനിൽക്കുന്നതിനിടെ സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത വിഭാഗത്തിലെ പ്രമുഖ നേതാവും സി.പി.എമ്മിനെതിരെ രംഗത്തെത്തി. റഹ്മത്തുല്ല സഖാഫി എളമരാണ് സി.പി.എമ്മിന് എതിരെ രംഗത്തെത്തിയത്. വില്യാപ്പള്ളിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മുസ്ലിം പെൺകുട്ടിയെ പാർട്ടി ഓഫീസിൽ വെച്ച് രക്തഹാരമണിയിച്ച് വിവാഹം ചെയ്യിപ്പിച്ചതിന് എതിരെ രൂക്ഷമായ പ്രതികരണമാണ് റഹ്മത്തുല്ലാ സഖാഫി എളമരം നടത്തിയത്.
റഹ്മത്തുല്ല സഖാഫിയുടെ വാക്കുകൾ:
കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിക്കാരനായ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒരു മുസ്ലിം പെൺകുട്ടിയെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടു വന്നിട്ടുണ്ട്. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തന്റെ മതവും സംസ്കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവന്റെക്കൂടെ പോവാൻ ഇന്ത്യൻ നിയമപ്രകാരം അവൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അമരാവതിയിലെ പാർട്ടി ഓഫീസിൽ
കൊണ്ടുവന്നു രക്തഹാരമണിയിച്ച് പാർട്ടി പ്രവർത്തകർ ചേർന്ന് മുദ്രാവാക്യം മുഴക്കി ആഘോഷമാക്കുമ്പോൾ ഇതൊരു പാർട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻപറ്റുമോ? അല്ലങ്കിൽ പാർട്ടി പ്രവർത്തകർ ആരെ ഇണയാക്കിയാലും ഇതുപോലെ പാർട്ടി ഓഫീസിൽവെച്ച് ആഘോഷിക്കുന്ന പതിവു വേണം. അതില്ലല്ലോ.. എന്നാണ് റഹ്മത്തുല്ല സഖാഫി എഴുതിയത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ റഹ്മത്തുല്ല സഖാഫിക്ക് പിന്തുണയുമായി എത്തിയത്.
നാസർ ഫൈസി കഴിഞ്ഞ ദിവസം പറഞ്ഞത്
കേരളത്തിൽ സി പി എമ്മും ഡി വൈ എഫ് ഐയും മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുകയാണ്. ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണം. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ് എഫ് ഐയും ഡി വൈ എഫ് ഐയും മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലീംകൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുണ്ട്.