ന്യൂദൽഹി- യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽക്കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിൽ പോകാൻ ദൽഹി ഹൈക്കോടതിയുടെ അനുമതി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു. നിമിഷപ്രിയ
യെമനുമായി നയതന്ത്രബന്ധങ്ങൾ കുറവായതിനാൽ അവിടെ എത്തി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന നിലപാടായിരുന്നു വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിരുന്നത്. കോടതി ഉത്തരവുവന്നതോടെ, നിമിഷപ്രിയയുടെ അമ്മയെ എങ്ങനെ യെമനിൽ എത്തിക്കാം എന്നതിനെകുറിച്ചും ബ്ലഡ് മണി അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചുമുള്ള നടപടികളിലേക്ക് വിദേശകാര്യമന്ത്രാലയം കടക്കും. വിഷയത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കുന്നതിന് രാജ്യാന്തര തലത്തിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി എന്ന പേരിൽ സമിതി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്.