ന്യൂദല്‍ഹി- ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുള്ള അക്കാദമിക് കെട്ടിടങ്ങളുടെ 100 മീറ്ററിനുള്ളില്‍ ജെ. എന്‍. യുവില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത പിഴ മുതല്‍ പുറത്താക്കല്‍ വരെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
നവംബറില്‍ അംഗീകരിച്ച പുതുക്കിയ ചീഫ് പ്രോക്ടര്‍ ഓഫീസ് മാന്വലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ജെ. എന്‍. യു വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.
പുതിയ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 20,000 രൂപ പിഴയോ കാമ്പസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. കൂടാതെ, 'ദേശവിരുദ്ധത', മതം, ജാതി, സമുദായം എന്നിവയോട് അസഹിഷ്ണുത വളര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. അത്തരക്കാര്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും.
പുതിയ നിയമങ്ങളെ വിമര്‍ശിച്ച് ജെ. എന്‍. യു സ്റ്റുഡന്റ്സ് യൂണിയന്‍ രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനും കാമ്പസ് ആക്ടിവിസത്തെ നിയന്ത്രിക്കാനുമുള്ള ശ്രമമാണെന്ന് ജെ. എന്‍. യു. എസ് യു വിശേഷിപ്പിച്ചു. പുതുക്കിയ മാന്വവല്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അക്കാദമികവും ഭരണപരവുമായ ക്രമം നിലനിര്‍ത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് സര്‍വകലാശാലാ ഭരണകൂടം വാദിക്കുന്നു. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ക്യാമ്പസിനുള്ളിലെ നിലവിലുള്ള പ്രതിഷേധ മേഖലകള്‍ മതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.