ന്യൂദൽഹി- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധയെ തുടർന്ന് ദൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രി പദം വഹിച്ച വാജ്‌പേയ് മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ വിദേശകാര്യവകുപ്പും കൈകാര്യം ചെയ്തു. ഇന്ത്യയുടെ പ്ത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. മൂന്നുവട്ടം പ്രധാനമന്ത്രിയായി. ഒരു പ്രാവശ്യം മാത്രമാണ് കാലാവധി തികച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ദിവസം മാത്രം പ്രധാനമന്ത്രി പദവിയിലിരുന്നയാൾ എന്ന പദവിയും വാജ്‌പേയിക്കാണ്. ആദ്യവട്ടം അധികാരത്തിലെത്തിയ വാജ്‌പേയ് പതിമൂന്ന് ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്്‌റുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി. കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാറും ഇതായിരുന്നു. പൊഖ്‌റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.
ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25നാണ് വാജ്‌പേയി ജനിച്ചത്. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1951ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു.
1957ലെ രണ്ടാം ലോകസഭ മുതൽ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം, ദൽഹി കൃഷ്ണൻമാർഗിലെ 6എ വസതിയിൽ ശയ്യാവലംബിയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് എയിംസിലേക്ക് മാറ്റിയത്. 2004-ൽ രാജ്യം ഭാരതരത്‌ന നൽകി ആദരിച്ചു. നിരവധി കവിതാ സമാഹാരങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.