പാരീസ്- ഫ്രാന്‍സിലെ ഏറ്റവും വലിയ മുസ്‌ലിം ഹൈസ്‌കൂളിനുള്ള ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ചു. 2003ല്‍ വടക്കന്‍ നഗരമായ ലില്ലില്‍ ഫ്രാന്‍സിലെ മെയിന്‍ലാന്‍ഡില്‍ ആരംഭിച്ച ആദ്യത്തെ മുസ്‌ലിം ഹൈസ്‌കൂളായ അവെറോസ് എന്ന സ്വകാര്യ സ്‌കൂളില്‍ എണ്ണൂറിലേറെ കുട്ടികളാണുള്ളത്. മതക്ലാസുകള്‍ നടത്തുന്ന സ്‌കൂളിന് 2008 മുതല്‍ സര്‍ക്കാരുമായി കരാറുണ്ട്.
എന്നാല്‍ സ്‌കൂളിലെ ചില പഠനരീതികള്‍ രാജ്യതാത്്പര്യത്തിന് എതിരാണെന്ന് ആഭ്യന്തരമന്ത്രാലയം ഒക്ടോബറില്‍ പുറപ്പെടുവിച്ച രേഖകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങളോടു പൊരുത്തപ്പെടുന്നതല്ല സ്‌കൂള്‍ പ്രവര്‍ത്തനമെന്നാണ് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. എന്നാല്‍ കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയില്ല.
യൂറോപ്പില്‍ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള ഫ്രാന്‍സിലെ ഫെഡറല്‍ സര്‍ക്കാര്‍ തങ്ങളോട് കൂടുതല്‍ ശത്രുത പുലര്‍ത്തുന്നതായി മുസ്‌ലിംകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസില്‍ നിന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഈ തീരുമാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ ചോദ്യം ചെയ്യാനാണ് സ്‌കൂള്‍ ഉദ്ദേശിക്കുന്നതെന്നും അവെറോസ് ഹെഡ്മാസ്റ്റര്‍ എറിക് ഡുഫോര്‍ പറഞ്ഞു.
അതേസമയം സ്‌കൂളിനെ സംബന്ധിച്ച നിരീക്ഷണങ്ങളില്‍ ഒന്നുമില്ലെന്നും അധ്യാപന രീതികള്‍ റിപ്പബ്ലിക്കന്‍ മൂല്യങ്ങളെ മാനിക്കുന്നില്ലെന്ന് കരുതാന്‍ ഒന്നുമില്ലെന്നും 2020ലെ വിദ്യാഭ്യാസ മന്ത്രാലയ പരിശോധനാ രേഖയിലുള്ളതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ മുസലിം ന്യൂനപക്ഷ വിഭാഗങ്ങളോട് അനീതി പ്രവര്‍ത്തിക്കുകയാണെന്നും സ്‌കൂള്‍ പ്രവര്‍ത്തന രഹിതമാകുന്ന പക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.