ബദൗന്‍-പോസ്റ്റ്‌മോര്‍ട്ടത്തിനിടെ യുവതിയുടെ കണ്ണുകള്‍ കവര്‍ന്നതായി പരാതി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് ആരോപണം. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ റാസുല ഗ്രാമവാസിയായ പൂജ എന്ന 20 കാരിയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരികെ നല്‍കിയപ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറും സ്റ്റാഫ് അംഗങ്ങളും അവയവ മാഫിയയുടെ ആളുകളാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനും, ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രദീപ് വാര്‍ഷ്‌നി പറഞ്ഞു.