പെഷവാർ- പാകിസ്ഥാൻ സൈനിക താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ താലിബാനുമായി ബന്ധമുള്ള തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ഒരു താവളത്തിന് നേരെയാണ് പുലർച്ചെ ആക്രമണം നടന്നത്. സൈനികരിൽ പലരും ഈ സമയത്ത് ഉറങ്ങുകയായിരുന്നു. സിവിലിയൻ വസ്ത്രത്തിലാണ് കൊല്ലപ്പെട്ട സൈനികരിൽ ഭൂരിഭാഗവും.
താൽക്കാലിക സൈനിക താവളമായി പ്രവർത്തിക്കുന്ന ഒരു സ്‌കൂൾ കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച ചാവേർ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തൽ. പാകിസ്ഥാൻ താലിബാനുമായി ബന്ധമുള്ള പുതിയ ഗ്രൂപ്പായ തെഹ്രീക്-ഇ-ജിഹാദ് പാകിസ്ഥാനാണ് ആക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ച് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2021-ൽ താലിബാൻ അഫ്ഗാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, പ്രധാനമായും അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി പ്രദേശങ്ങളിൽ, തീവ്രവാദ ആക്രമണങ്ങളിൽ കാര്യമായ വർധനവുണ്ട്.