Sorry, you need to enable JavaScript to visit this website.

കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ ലേലം വിളിക്കാന്‍ സമയം ബാക്കിയുണ്ടായിട്ടും അനുവദിച്ചില്ല, 25,000 രൂപ നഷ്ടപരിഹാരം നല്‍കണം

മലപ്പുറം - പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി ലേലം വിളിക്കാന്‍ സമയമുണ്ടായിട്ടും അനുവദിച്ചില്ലെന്ന പരാതിയില്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും എതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സമയം തീര്‍ന്നതായി കാണിച്ചാണ് അപേക്ഷ നിരസിച്ചത്. പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവെച്ചിരുന്നു. കൂടുതല്‍ പേര്‍ അതേ നമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചു മണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചത്.
തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ  ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. ലേല നടപടികളുടെ നിയന്ത്രണം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ ബോധിപ്പിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ കക്ഷി ചേര്‍ത്തു. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ പരാതി ശരിവെയ്ക്കുകയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ ഉത്തരവിട്ടു. 

 

 

Latest News