Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിൽ ഇസ്രായിലിന് തിരിച്ചടി, നിരവധി സൈനികർക്ക് പരിക്ക്

ഗാസ- ഫലസ്തീനിലെ ഗാസയിലേക്ക് നടത്തുന്ന ആക്രമണത്തിൽ ഇസ്രായിൽ സൈന്യത്തിന് നേരിടുന്നത് വൻ തിരിച്ചടി. കരയുദ്ധത്തിൽ മൂന്നു സൈനികരെ ഹമാസ് വധിച്ചു. ഞായറാഴ്ചയാണ് മൂന്നു സൈനികരെ ഹമാസ് വധിച്ചത്. ഇവരുടെ പേരുകൾ ഇസ്രായിൽ  സൈന്യം പുറത്തുവിട്ടു. 
 മേജർ റോമൻ ബ്രോൺസ്‌റ്റെയ്ൻ, ക്യാപ്റ്റൻ എലിയ യാനോവ്‌സ്‌കി, മാസ്റ്റർ സർജന്റ് അരി യെഹിയേൽ സെനിൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇന്ന് നിരവധി സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്. 27 സൈനികർക്ക് ഇന്ന് പരിക്കേറ്റതായും ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്നും ഇസ്രായിൽ ആശുപത്രിയായ സൊരോക്ക പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേസമയം, പരിക്കേറ്റവരുടെയും മരിച്ചവരുടെയും പൂർണമായ എണ്ണം ഇതേവരെ ഇസ്രായിൽ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, ഗാസയുടെ വടക്കും മധ്യഭാഗത്തും വൻ ബോംബാക്രമണമാണ് ഇസ്രായിൽ നടത്തുന്നത്.  തെക്കൻ ഗാസയിൽ ഇസ്രായിൽ കരസേനയും ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടൽ കനത്ത തോതിൽ തുടർന്നു. രക്ഷാസമിതി സമാധാന പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെ ജനറൽ അസംബ്ലിയിൽ പുതിയ പ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങി. ഈജിപ്തും മൗറിത്താനിയയുമാണ് ഇതിന് മുൻകൈയെടുക്കുന്നത്. 
ഇസ്രായിലും ഹിസ്ബുല്ല പോരാളികളുമായുള്ള സംഘർഷം ശക്തമാകുന്നതും ആശങ്ക വിതക്കുന്നതായി ലബനോനിലെ യു.എൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായിൽ ആക്രമണത്തിൽ തയ്ബയിൽ ഒരു ലബനീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 
ഹമാസിനെ തുടച്ചുനീക്കാൻ മാസങ്ങളോ അതിനപ്പുറമോ യുദ്ധം ചെയ്യാൻ തയാറാണെന്ന് ഇസ്രായിൽ പറഞ്ഞു. കൂടുതൽ വ്യോമാക്രമണങ്ങളും പീരങ്കിയാക്രമണവുമായി കരസേന ആക്രമണം ശക്തമാക്കിയതായും അവർ പറഞ്ഞു.
യുദ്ധം നിർത്തി എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ പറഞ്ഞു. എന്നാൽ വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള സാധ്യതകൾ പൂർണമായും മങ്ങിയിരിക്കുകയാണ്.
ഗാസയിൽ 18,205 ഫലസ്തീനികൾ കൊല്ലപ്പെട്ടതോടെ ഇസ്രായിൽ അന്താരാഷ്ട്ര രോഷം നേരിടുന്നുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ആളുകളിൽ 90 ശതമാനം പേരും ഉപരോധിക്കപ്പെട്ട പ്രദേശത്തുനിന്ന് പലായനം ചെയ്തു. അവിടെ അഭയം പ്രാപിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന് യു.എൻ ഏജൻസികൾ പറയുന്നു.
വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്യുന്നതിലൂടെയും ഇസ്രായിലിന് 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധം അടിയന്തരമായി നൽകിയതിലൂടെയും അമേരിക്കയും കടുത്ത വിമർശം നേരിടുകയാണ്. യു.എൻ ജനറൽ അസംബ്ലി ഇന്ന് സമാനമായ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
ഗാസയിലെ ആശുപത്രികളിൽ ഭീകരാവസ്ഥ നിലനിൽക്കുകയാണ്. വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ അഭാവം കാരണം ഗാസയിലെ ആശുപത്രികളിലെ സ്ഥിതി വളരെ മോശമാണെന്ന് വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി മേധാവി അഹമ്മദ് അൽകഹ്‌ലൂത്ത് പറഞ്ഞു. 'ഞങ്ങൾ നാല് ദിവസത്തിലേറെയായി ഉപരോധത്തിലാണ്,' അദ്ദേഹം പറഞ്ഞു. ഇസ്രായിൽ സൈനിക ടാങ്കുകൾ ആശുപത്രിക്ക് ചുറ്റുമുണ്ട്. ബോംബാക്രമണം വളരെ തീവ്രമാണ്.
മുൻകൂട്ടി മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ ഇസ്രായിലി സേന പ്രസവ വാർഡ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും നവജാത ശിശുക്കൾക്കൊപ്പം രണ്ട് അമ്മമാരും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ചുറ്റും വെടിവെപ്പിന്റെയും പട്ടാളക്കാരുടേയും ഭീഷണി കാരണം ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല- അൽകഹ്‌ലൂത്ത് പറഞ്ഞു.
നിലവിൽ 65 രോഗികളും 12 കുട്ടികളും ഐ.സി.യുവിലും ഇൻകുബേറ്ററുകളിൽ ആറ് നവജാത ശിശുക്കളുമുള്ള ആശുപത്രിയിൽ വെള്ളമോ ഇന്ധനമോ ഭക്ഷണമോ ഇല്ല.
മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ ഇസ്രായിൽ തിരഞ്ഞുപിടിച്ചു നടത്തുന്ന ആക്രമണവും തുടരുകയാണ്. അൽ ജസീറയുടെ അനസ് അൽ ശരീഫിനാണ് ഇന്നലെ പിതാവിനെ നഷ്ടമായത്. ഉത്തരഗാസയിലെ ജബാലിയയിൽ വീടിന് നേരെ നടന്ന ആക്രമണത്തിലാണ് മരണം. മറ്റു കുടുംബാംഗങ്ങൾ യു.എൻ സ്‌കൂളിൽ അഭയം തേടിയിരുന്നു. പ്രായാധിക്യവും അവശതയുംമൂലം പിതാവിന് വീടുവിട്ടുപോകാൻ കഴിഞ്ഞില്ലെന്ന് അനസ് പറഞ്ഞു. 


 

Latest News