കൊച്ചി- ഖനന മേഖലയിൽ നടപ്പുസാമ്പത്തിക വർഷത്തിൽ റെക്കോർഡ് നേട്ടവുമായി എറണാകുളം ജില്ല. നവംബർ 30 വരെയുള്ള കാലയളവിൽ 47.20 കോടി രൂപയാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പിരിച്ചെടുത്തത്. ഇതിൽ നവംബർ മാസം മാത്രം 14.03 കോടി രൂപയാണ് പിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ജില്ലയിൽ പിരിച്ചെടുത്ത തുകയേക്കാൾ റെക്കോർഡ് വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം നവംബർ വരെ 18.98 കോടി രൂപയാണ് പിരിച്ചെടുത്തത്. ഖനന നിർമ്മാണ മേഖലയിലെ റോയൽറ്റിയും വിവിധതരം ഫീസുകളും പിരിച്ചെടുക്കുന്നതിൽ ജില്ലയ്ക്ക് മികച്ച നേട്ടമാണ്.
സംസ്ഥാനത്ത് ഖനന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുമത്തിയിട്ടുള്ള റോയൽറ്റിയും വിവിധതരം ഫീസുകളും കാര്യക്ഷമമായി പിരിച്ചെടുത്തതാണ് നേട്ടത്തിന് കാരണം. അനധികൃത ഖനനം, അളവിൽ കൂടുതൽ ഖനനം തുടങ്ങിയ വിഭാഗങ്ങളിലായാണ് ജില്ലയിൽ തുക പിരിച്ചെടുത്തത്. കൂടാതെ ഇ ഓഫീസ് സംവിധാനം, കോമ്പസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സർക്കാരിന്റെ പരിഷ്‌കരണങ്ങളും, ജില്ലയിൽ നടപ്പിലാക്കിയ മിനറൽ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളും തുക പിരിച്ചെടുക്കുന്നതിൽ ജില്ലയ്ക്ക് സഹായകമായി. അനധികൃത ഖനനം ജില്ലയിൽ നടക്കുന്നത് കണ്ടെത്തുക, അതിനെതിരെ നടപടി സ്വീകരിക്കുക, പിഴ ഈടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് മിനറൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
അനധികൃത ഖനനം നടത്തുന്നവർക്ക് എതിരേ കടുത്ത നടപടി തുടർന്നും സ്വീകരിക്കുമെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു.