Sorry, you need to enable JavaScript to visit this website.

മാറ്റിവെച്ച ഹൃദയവുമായി ഹരിനാരായണൻ ഹൃദയം മാറ്റിവെച്ച സഹോദരനോടൊപ്പം മടങ്ങി

കൊച്ചി- സഹോദരർ രണ്ടുപേർക്കും ഒരുപോലെ ഗുരുതരമായ ഹൃദ്രോഗം നിർണ്ണയിക്കപ്പെടുക, രണ്ടുപേർക്കും ഹൃദയം മാറ്റിവയ്‌ക്കേണ്ടി വരിക, രണ്ടുപേർക്കും ഒരേ ആശുപത്രിയിൽ ഒരേ ഡോക്ടർ ഹൃദയം മാറ്റിവയ്ക്കുക, രണ്ടുപേർക്കും വ്യോമമാർഗം ഒരേ നഗരത്തിൽനിന്ന് ഹൃദയമെത്തിക്കുക... ചേട്ടൻ സൂര്യനാരായണനൊപ്പം ഹരിനാരായണൻ ലിസി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അപൂർവതയുടെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.  
മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളിവിൻകോട് സ്വദേശി സെൽവിൻ ശേഖറിന്റെ (36) ഹൃദയമാണ് നവംബർ 24 ന്  ഹരിനാരായണനിൽ (16) മാറ്റിവച്ചത്. രാവിലെ എടുത്ത ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച് മണിക്കൂറുകൾക്കകം ഹരിനാരായണനിൽവെച്ചു പിടിപ്പിക്കുകയായിരുന്നു. 12:30ന് ഹരിനാരായണനിൽ സെൽവിന്റെ ഹൃദയം മിടിക്കുവാൻ ആരംഭിച്ചു. 3:45ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും നാലാം ദിവസം തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു. ലിസി ആശുപത്രിയിൽ നടന്ന 28ാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.
ഹരിനാരായണന്റെ സഹോദരൻ സൂര്യനാരായണനെ സമാനമായ രീതിയിൽ 2021ൽ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. സൂര്യനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. 
കഴിഞ്ഞ ദിവസം നടന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിൽ സൂര്യനാരായണൻ നീന്തൽ മത്സരത്തിലടക്കം മെഡലുകൾ നേടിയിരുന്നു. 
ഹരിനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും ഇത്രയും വേഗം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുവാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കടുത്ത വേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യുവാൻ വലിയ മനസ് കാണിച്ച സെൽവിന്റെ കുടുംബത്തെ മറക്കുവാൻ കഴിയില്ലെന്ന് ഹരിനാരായണൻ പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്യാൻ രണ്ട് കുടുംബങ്ങൾ തയ്യാറായതുകൊണ്ട് മാത്രമാണ് നിങ്ങളുടെ മുന്നിൽ ഇതുപോലെ ആരോഗ്യത്തോടെയിരുന്ന് സംസാരിക്കുവാൻ ഞങ്ങൾ രണ്ട് പേർക്കും സാധ്യമായതെന്ന് സൂര്യനാരായണൻ കൂട്ടിച്ചേർത്തു.
പൂർണ്ണമായും സൗജന്യമായി ഹെലികോപ്റ്റർ വിട്ടുനൽകിയ മുഖ്യമന്ത്രിക്കും അതിന് മുൻകൈയെടുത്ത മന്ത്രി. പി. രാജീവിനും ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയ പോലീസ് സേനക്കും ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ നന്ദി പറഞ്ഞു. ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസി. ഡയറക്ടർമാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Latest News