സമാനതകൾ ഇല്ലാത്ത ദുരിതത്തിലൂടെ ആണ് കേരളം കടന്നു പോകുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഓരോ മലയാളിയേയും ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണത്തിൽ ആക്കാൻ സർക്കാർ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. കേന്ദ്ര സഹായവും ഹെലികോപ്ടറും വരുന്നുണ്ട്. വൈകിട്ടാവുന്നതോടെ കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാം സഹായം എത്തും എന്ന് കരുതുക.
അതേ സമയം ഈ ദുരന്തം സർക്കാരിന് മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല. മലയാളികൾ ഒന്നാകെ, ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങണം. അതിന് വീട്ടിൽ നിന്നും പുറത്തു പോകണമെന്നില്ല, എന്തിന് നാട്ടിൽ പോലും പോകണമെന്നില്ല. എല്ലാവരും അവരുടെ കഴിവിനനുസരിച്ച്, പ്രത്യേക കഴിവുകൾ അനുസരിച്ച് ഇടപെടണം.
കേരളത്തിലെ വീടുകൾ, അത് ചെറുതായാലും വലുതായാലും, സ്വന്തം വീട് വിട്ട് വരുന്നവർക്കായി നാം തുറന്നു കൊടുക്കണം. അത് സുരക്ഷിതമായി അന്തിയുറങ്ങാനോ, യാത്രയുടെ ഇടയിൽ ഭക്ഷണത്തിനോ, ടോയ്‌ലറ്റ് സൗകര്യത്തിനോ വേണ്ടി ആണെങ്കിലും.
പറവൂരിൽ എൻറെ സുഹൃത്ത് ജോസഫ് പടയാട്ടിയുടെ വീടിന് മുന്നിൽ ഒരു ബോർഡ് ഉണ്ട്
'അനുവാദം ഇല്ലാതെ അകത്തു വരാം.'
ഇതായിരിക്കണം ഈ ദുരന്തകാലത്ത് നമ്മുടെ മുദ്രാവാക്യം. നിങ്ങൾ എല്ലാം ഇത് സമ്മതിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്, അതുകൊണ്ടു തന്നെ മറ്റുളളവർക്ക് ഒരു വിഷമവും ഇല്ലാതെ വീട്ടിലേക്ക് കടന്നു വരാൻ വേണ്ടി വീടിന് മുൻപിൽ ##ഛുലിവീൗലെ എന്നൊരു ബോർഡ് തൂക്കിയിടണം. ഇത് ആവശ്യമുള്ളവർക്ക് ഗുണം ചെയ്യും എന്ന് മാത്രമല്ല, കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുന്നത് ലോകത്തെ കാണിച്ചു കൊടുക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫിൽ നിന്നും മാധ്യമ പ്രവർത്തകരുടെ വൻപടയാണ് കേരളത്തിൽ എത്താൻ പോകുന്നത്. കേരളത്തിന്റെ ഏറ്റവും നല്ല മുഖം ആയിരിക്കണം അവർ കാണേണ്ടത്.
ദുരന്തത്തിൽ ഉൾപ്പെട്ടവരെ ക്യാംപിന് പുറത്ത് സ്വന്തം ഭവനങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഗ്രോസറി എല്ലാം നൽകുന്ന രീതി ചില സ്ഥലങ്ങളിൽ ഐക്യരാഷ്ട്രസഭ നടപ്പിലാക്കാറുണ്ട്. ക്യാംപുകളിൽ തിരക്കൊഴിവാക്കുക, സുരക്ഷ കൂട്ടുക, സാനിറ്റേഷൻ പ്രശ്‌നങ്ങൾ കുറക്കുക ഇതൊക്കെ ഇതിന്റെ ലക്ഷ്യമാണ്. സ്വന്തം വീട്ടിൽ മറ്റ് ആളുകളെ സഹായിക്കാൻ സന്നദ്ധത ഉള്ളവർക്ക് പണത്തിന്റെ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഇത് സഹായിക്കും. നമ്മുടെ റെസിഡന്റ് അസോസിയേഷനുകൾ ഇത്തരത്തിൽ ഉള്ള ഒരു സഹായ പദ്ധതിയെ പറ്റി ചിന്തിക്കണം. വേണമെങ്കിൽ മറുനാടൻ മലയാളികളുടെ സഹായം തേടണം.