റിയാദ്- സൗദിയിൽ ജനുവരി മുതൽ കെട്ടിട വാടക തുക ഈജാർ പോർട്ടലിലൂടെ മാത്രം നൽകുന്ന രീതി കണിശമായി നടപ്പിലാക്കുമെന്ന് സൗദി റിയൽ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീർ അൽ മുഫറെജ് അറിയിച്ചു. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇതു സഹായകരമാകുമെന്ന് അൽ മുഫറെജ് ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഈജാർ പോർട്ടൽ ലോഞ്ചിംഗ് മുതൽ ഇതുവരെയായി എമ്പതു ലക്ഷത്തിലധികം വാടകക്കരാറുകൾ ഈജാർ പോർട്ടൽ വഴി പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്‌റ്റേറ്റ് വെളിപ്പെടുത്തി. ഇതിൽ അറുപത്തിയാറു ലക്ഷത്തോളം പാർപ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണുള്ളത്. പ്രതിദിനം 18000 കരാറുകളെന്ന തോതിൽ ഇരുപത്തിയെട്ട് ലക്ഷം കരാറുകളോടെ ഏറ്റവും കൂടുതൽ വാടകക്കരാറുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായത് നടപ്പു വർഷത്തിലാണ്. ഈജാർ പോർട്ടലിന്റെ സുതാര്യതയും പോർട്ടലിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസ്യതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. കരാർ സമയത്ത് അനുബന്ധ കക്ഷികൾ നൽകുന്ന രേഖകളുടെ വിശ്വാസ്യത അനുബന്ധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതിനും കരാർ ഇടനിലക്കാർ റിയൽ എസ്‌റ്റേറ്റ് അതോറിറ്റിക്ക് കീഴിലുള്ള അംഗീകൃത ഓഫീസുകാർ മാത്രമാണെന്ന് ഉറപ്പു വരുത്തുന്നതിനും പോർട്ടൽ വഴി സൗകര്യം ചെയ്തിട്ടുണ്ട്. കരാറുകൾ നീത്യന്യായ വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ നിന്ന് ഓൺലൈനായി അറ്റസ്റ്റു ചെയ്യുന്നതിനും വിവിധ ചാനലുകൾ വഴി വാടക തുടകയടക്കുന്നതിനും ഈജാർ പോർട്ടലിൽ സൗകര്യമുണ്ട്. ഘടുക്കളായി പണമടക്കുന്നതിനുമുള്ള സംവിധാമുൾപ്പെടെ നിരവധി സർവ്വീസുകൾ പോർട്ടൽ വഴി ലഭ്യമാമാണെന്നും അതോറിറ്റി വ്യക്തമാക്കി.