ദുബായില്‍ ഇനി ഡി.എസ്.എഫ് ദിനങ്ങള്‍, ഇരുപത്തൊമ്പതാം പതിപ്പിന് തുടക്കമായി

ദുബായ്- വിനോദവും ഷോപ്പിംഗും സമന്വയിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) 29 ാം പതിപ്പിന് തുടക്കമായി. ദ ബീച്ച്, ജെ.ബി.ആര്‍., ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലായി ഡോണ്‍ പ്രദര്‍ശനങ്ങളുമായാണ് 38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് മാമാങ്കത്തിന് തിരിതെളിഞ്ഞത്.
ഡ്രോണ്‍ പ്രദര്‍ശനം, ലൈറ്റ് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍, കരിമരുന്ന് പ്രയോഗം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ജനുവരി 14 വരെ എമിറേറ്റില്‍ അരങ്ങേറുക. അവിശ്വസനീയമായ ഷോപ്പിംഗ് കിഴിവുകള്‍, തത്സമയ വിനോദ പരിപാടികള്‍, സ്വര്‍ണവും പണവും വാഹനങ്ങളും വീടുകളും ഉള്‍പ്പെടുന്ന സമ്മാനപ്പെരുമഴയും ഷോപ്പിംഗ് ഉത്സവത്തിലുണ്ട്.
ദുബായ് ലൈറ്റ്സിന്റെ നേതൃത്വത്തില്‍ തെരുവുകളും പ്രധാന റോഡുകളും വര്‍ണവെളിച്ചങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, വാസ്തുശില്പികള്‍ എന്നിവരുമായി സഹകരിച്ചുകൊണ്ട് എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ വിസ്മയിപ്പിക്കുന്ന കലാ പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ.) അധികൃതര്‍ പറഞ്ഞു.
ലോകപ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന് കൊക്കക്കോള അറീനയില്‍ ഞായറാഴ്ച അരങ്ങേറും. ഉദിത് നാരായണും അല്‍ക്ക യാഗ്‌നിക്കും പരിപാടിയുടെ ഭാഗമാകും. ഡി.എസ്.എഫിന്റെ പ്രധാനപരിപാടികള്‍ ജനുവരി അഞ്ചുമുതല്‍ 14 വരെ ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടക്കും.

 

Tags

Latest News