തിരുവനന്തപുരം - മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഹാജരായത്. കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കേസ് ഈ മാസം 18-ലേക്ക് മാറ്റി.
കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ എന്നിവ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്.
2019 ആഗസ്ത് മൂന്നിന് പുലർച്ചെ ഒരുമണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനും വനിതാസുഹൃത്ത് വഫ റിയാലുവും സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതി തെളിവുകൾ നശിപ്പിക്കാൻ പോലീസ് സംവിധാനങ്ങളും ആശുപത്രി സംവിധാനങ്ങളുമെല്ലാം ദുരുപയോഗം ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിർണായക തെളിവുകളുള്ള കേസിലെ ഇരയായ ബഷീറിന്റെ ഒരു മൊബൈൽ ഫോൺ പോലും കണ്ടെടുക്കാനും ഇതുവരെയും പോലീസിനായിട്ടില്ല.