ന്യൂദല്‍ഹി - ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല. ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതി തള്ളി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തില്‍ പാര്‍ലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. യുദ്ധ സാഹചര്യത്തില്‍ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 1, 370 പ്രകാരം ജമ്മു കശ്മീരില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.