കൊല്‍ക്കത്ത-2024ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് ഭരണ കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമായിരിക്കുമെന്ന് ത്രിപുര കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍. എന്നാല്‍ സുദീപ് റോയ് ബര്‍മന്റെ പരാമര്‍ശത്തോട് ഇടത് ക്യാംപ് പ്രതികരിച്ചിട്ടില്ല. രണ്ട് ലോക്‌സഭാ സീറ്റുകളാണ് ത്രിപുരയിലുള്ളത്. ബര്‍മന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മൂന്ന് മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ കോണ്‍ഗ്രസും സിപിഐഎമ്മും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. സീറ്റ് പങ്കുവയ്ക്കലിനെക്കുറിച്ച് ഇന്‍ഡ്യ മുന്നണി കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു.
'ഞങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ തീരുമാനമാണ് പിന്തുടരുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് 13 സീറ്റുകളാണ്. അത് അനീതിയാണ്. പക്ഷേ ഞങ്ങള്‍ അത് സഹിച്ചു. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിക്കണമെന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഒന്നും നല്‍കിയില്ല. ഇത് ലോക്‌സഭാ തെരഞ്ഞെുപ്പാണ്, രാജ്യത്തിനായുള്ള തെരഞ്ഞെടുപ്പാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹമുള്ള പാര്‍ട്ടികള്‍ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് നല്‍കി പിന്തുണയ്ക്കുന്നത് നല്ല തീരുമാനമായിരിക്കും'. സുദീപ് ബര്‍മന്‍ പറഞ്ഞു.