Sorry, you need to enable JavaScript to visit this website.

പുതിയ തുടക്കം ഇടര്‍ച്ചയോടെ

ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ റയല്‍ മഡ്രീഡിന് കാലിടറി. യുവേഫ സൂപ്പര്‍ കപ്പില്‍ ബദ്ധവൈരികളായ അത്‌ലറ്റിക്കൊ മഡ്രീഡിനോട് അവര്‍ എക്‌സ്ട്രാ ടൈമില്‍ 2-4 ന് കീഴടങ്ങി. ഡിയേഗൊ കോസ്റ്റയായിരുന്നു രണ്ടു ഗോളോടെ അത്‌ലറ്റിക്കോയുടെ ഹീറോ ആയത്. റയല്‍ പ്രതിരോധത്തെ ശരീരമിടുക്കു കൊണ്ട് മറികടന്ന് അമ്പതാം സെക്കന്റില്‍ തന്നെ അത്‌ലറ്റിക്കൊ സ്‌കോര്‍ ചെയ്തു. കരീം ബെന്‍സീമയും പെനാല്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസും റയലിനെ മുന്നിലെത്തിച്ചെങ്കിലും കോസ്റ്റയിലൂടെ അത്‌ലറ്റിക്കൊ കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമില്‍ രണ്ടു ഗോള്‍ കൂടി അടിച്ചു.
റയലിന്റെ മുന്‍നിരയിലും പിന്‍നിരയിലും പുതിയ കളിക്കാര്‍ ആവശ്യമുണ്ടെന്ന സൂചന നല്‍കുന്നതാണ് സൂപ്പര്‍ കപ്പ് മത്സരം. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ നെയ്മാര്‍, എഡന്‍ ഹസാഡ്, റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, കീലിയന്‍ എംബാപ്പെ തുടങ്ങിയ പ്രമുഖ കളിക്കാര്‍ റയലിന്റെ ട്രാന്‍സ്ഫര്‍ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ആരെയും കൊണ്ടുവരാനായില്ല. 
സെന്‍ട്രല്‍ ഡിഫന്റര്‍മാരെ വേണ്ടതില്ലെന്നാണ് സീസണിന്റെ തുടക്കത്തില്‍ റയല്‍ എടുത്ത തീരുമാനം. ജീസസ് വലേയോയെ ഫസ്റ്റ് ടീമിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. എന്നാല്‍ വലേയോക്ക് പരിക്കേറ്റത് തിരിച്ചടിയായി. ട്രാന്‍സ്ഫര്‍ ജാലകം അടക്കും മുമ്പ് ഒരു സെന്‍ട്രല്‍ ഡിഫന്ററെ റയല്‍ കൊണ്ടുവന്നേക്കും.  
 

Latest News