Sorry, you need to enable JavaScript to visit this website.

ടൂർ യാത്രയ്ക്കിടെ സ്‌കൂൾ ബസിന് തീ പിടിച്ചു; 42 അംഗ സംഘത്തിന് അത്ഭുത രക്ഷ

ജബൽപൂർ - സ്‌കൂൾ ബസിന് തീപിടിച്ച് ടൂർ പോയ 42 അംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽനിന്നും ഏഴ് കിലോമീറ്റർ അകലെയുള്ള സുവാർകോൾ മേഖലയിലാണ് സംഭവം. ഖമാരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെനകി ഗ്രാമത്തിലെ പടാൻ ഗവൺമെന്റ് സ്‌കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. 
 സ്‌കൂൾ ബസിലുണ്ടായിരുന്ന 36 കുട്ടികളും 4 അധ്യാപകരും ഉൾപ്പെടെ എല്ലാവരെയും പരുക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സ്‌കൂൾ കുട്ടികളെ ഡുംന നേച്ചർ പാർക്കിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് കത്തിയത്. ബസ് കത്തുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുണ്ടായിരുന്ന സൈനിക അഗ്നിശമന സേനാംഗങ്ങൾ ഗ്ലാസ് പൊട്ടിച്ചും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ഖമാരിയ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഹർദയാൽ സിംഗ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Latest News