ന്യൂദൽഹി-മുന്നൂറ് കോടിയോളം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തിലെ പ്രതിയായ കോൺഗ്രസ് എം.പി ധീരജ് സാഹു നേരത്തെ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വൈറലാകുന്നു. 2022-ൽ ട്വിറ്ററിലിട്ട പോസ്റ്റാണ് വൈറലായത്. നോട്ടുകൾ അസാധുവാക്കിയതിന് ശേഷവും, രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ ഹൃദയം സങ്കടപ്പെടുന്നു. ആളുകൾക്ക് എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കാൻ സാധിക്കുക കോൺഗ്രസിന് മാത്രമാണെന്നും 2022 ആഗസ്റ്റ് 12 നുള്ള പോസ്റ്റിൽ സാഹു എഴുതി.
പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് അഴിമതി കാ ദുഖാൻ എന്ന ഹാഷ് ടാഗോടെ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. സാഹു വലിയ നർമ്മബോധമുള്ള ആളാണെന്നും അമിത് മാളവ്യ പറഞ്ഞു.