Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിന്റെ തോല്‍വി; ഇന്‍ഡ്യ മുന്നണി യോഗം വിലപേശലിന് വേദിയാകും

ന്യൂദല്‍ഹി- പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഭിന്നതകള്‍ അവസാനിപ്പിച്ച് ഈ മാസം 19ന് ദല്‍ഹിയില്‍ ചേരുന്ന ഇന്‍ഡ്യ മുന്നണി യോഗം വിലപേശലിന് വേദിയാകും. നാല് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ ചേരുന്ന ആദ്യ മുന്നണി യോഗമാണിത്.
മുന്നണിയുടെ നാലാമത് യോഗം 19 ന് മൂന്ന് മണിക്ക് ദല്‍ഹിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് അറിയിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തിലടക്കം കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാടിനെ ചൊല്ലി മുന്നണിയിലെ കക്ഷിള്‍ക്കിടയില്‍ വിയോജിപ്പ് ഉണ്ടായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വന്നതിന് പിന്നാലെ ഈ മാസം ആറിന് മുന്നണി യോഗം ചേരുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,  മുന്നണിയിലെ എസ് പി, ജെഡിയു, തൃണമൂല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. അനുയോജ്യമായ തീയതിയല്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു പിന്‍മാറ്റം. അതേസമയം, മറ്റു പാര്‍ട്ടികളെ അവഗണിക്കുന്ന കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്തു വന്നു.
ഇതോടെ എല്ലാ നേതാക്കളുമായും സംസാരിച്ച് ഈ മാസം 17 ലേക്ക് യോഗം മാറ്റി. ഇതിന് ശേഷമാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടയുള്ളവരുടെ സൗകര്യം പരിഗണിച്ച് ഈ മാസം 19ന് മൂന്ന് മണിക്ക് ദല്‍ഹിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ മറ്റു പാര്‍ട്ടികള്‍ അടുത്ത യോഗത്തില്‍ വിലപേശല്‍ നടത്തിയേക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രി മോഹവുമായി ചുറ്റുനടക്കുന്നുണ്ട്്. ഈ ആവശ്യങ്ങള്‍ അടക്കം യോഗത്തില്‍ ഉയര്‍ന്നു വരും. മമത ബാനര്‍ജി, നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

Latest News