സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമുള്ള വ്യോമയാന രംഗത്തെ അത്ഭുതകരമായ ഒരു സംഭവത്തിന്റെ കഥ കേട്ടിട്ടുണ്ടോ? മൂന്നു പതിറ്റാണ്ടിലേറെ മുമ്പ് നടന്ന സംഭവമാണെങ്കിലും അതിപ്പോഴും അത്ഭുതമെന്നാണ് എണ്ണപ്പെടുന്നത്. മെയ് ഡേ എയര്‍ ഡിസാസ്റ്റര്‍ എന്ന ടെലിവിഷന്‍ പരമ്പരയായി ഈ സംഭവം സംപ്രേഷണം ചെയ്തതോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അത്ഭുതം വീണ്ടും പൊതുജന ശ്രദ്ധയിലേക്കെത്തിയത്.
1990 ജൂണ്‍ 10നാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബി എ 5390 വിമാനത്തില്‍ ഈ സംഭവം നടന്നത്. അസാധാരണമായ ധൈര്യവും അതിലേറെ അത്ഭുതവുമാണ് ഈ സംഭവം. ഏത് പ്രതിബന്ധങ്ങളേയും അസാധാരണമായ അതിജീവനത്തിലൂടെ കടന്നു പോകാനാകുമെന്നും ഈ സംഭവം പറയുന്നു.
1990 ജൂണിലെ ഒരു പ്രഭാതത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ 5390 വിമാനം ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് 81 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായാണ് പുറപ്പെട്ടത്. 17,300 അടി ഉയരത്തിലെത്തി നില്‍ക്കവെ പെട്ടെന്നാണ് ക്യാപ്റ്റന്‍ ടിം ലങ്കാസ്റ്ററിന്റെ വശത്തെ വിന്‍ഡ്ഷീല്‍ഡ് പൊട്ടിത്തെറിച്ച് കഷണങ്ങളായത്. സ്‌ഫോടനാത്മകമായ ഡീകംപ്രഷന്‍ കോക്പിറ്റിനെ അതിശക്തമായി ഉലച്ചതോടെ ക്യാപ്റ്റന്‍ ലങ്കാസ്റ്ററിനെ വിമാനത്തിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വിമാനത്തിന് മുകളിലേക്ക് ക്യാപ്റ്റനെ വലിച്ചിട്ടതു പോലെയായിരുന്നു അദ്ദേഹത്തിന്റെ കിടത്തം.
അതോടെ കോക്പിറ്റില്‍ ഫസ്റ്റ് ഓഫിസര്‍ അലസ്റ്റര്‍ അച്ചിസണിനായി വിമാനത്തിന്റെ ഉത്തരവാദിത്വം. മാത്രമല്ല പുറത്തേക്ക് ക്യാപ്റ്റന്റെ കാലുകളില്‍ ശക്തമായി പിടിച്ച് ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ ക്യാപ്റ്റനെ അകത്തേക്ക് വലിച്ചെടുക്കാന്‍ വിമാനം ഓട്ടോപൈലറ്റിലാക്കി താഴേക്കിറക്കാനും ഫസ്റ്റ് ഓഫിസര്‍ അസാധാരണമായ ധൈര്യമാണ് പ്രകടിപ്പിച്ചത്. തണുത്തുറഞ്ഞ കാറ്റില്‍ അത്യധികം വേദനയോടെ ക്യാപ്റ്റന്‍ ഇരുപത് മിനുട്ടോളമാണ് വിമാനത്തിന് പുറത്തു കഴിഞ്ഞത്. തകര്‍ന്ന വിന്റ്ഷീല്‍ഡിനേയും ആടി ഉലയുന്ന വിമാനത്തേയും പുറത്തേക്ക് തെറിച്ചേക്കാവുന്ന ക്യാപ്റ്റനേയും യാത്രക്കാരേയും ഒരുപോലെ നിയന്ത്രിച്ച് ഫസ്റ്റ് ഓഫിസര്‍ ശ്വസിക്കാവുന്ന ഉയരത്തിലേക്ക് വിമാനത്തെ അതിവേഗം താഴ്ത്തുകയാണ് ആദ്യം ചെയ്തത്.
ഏറ്റവും അടുത്തുള്ള സതാംപ്ടണ്‍ എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു അടുത്ത നടപടി. നിറയെ ഇന്ധനവുമായി സതാംപ്ടണിലെ ചെറിയ റണ്‍വേയില്‍ വിമാനം അടിയന്തിര ലാന്റിംഗ് നടത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ അതും ഫസ്റ്റ് ഓഫിസര്‍ നിര്‍വഹിച്ചു. കാരണം അതുമാത്രമായിരുന്നു എല്ലാവര്‍ക്കും രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
ഭയാനകമായ അഗ്നിപരീക്ഷ വിജയിച്ച് വിമാനം അത്ഭുതകരമായി സതാംപ്ടണില്‍ ഇറങ്ങി. ടേക്ക് ഓഫിനും എമര്‍ജന്‍സി ലാന്‍ഡിംഗിനുമിടില്‍ 35 മിനുട്ടാണ് വിമാനം പറന്നത്. പക്ഷേ, അത് മുപ്പത്തിയഞ്ച് വര്‍ഷത്തെ അനുഭവങ്ങളായിരുന്നു അത്.
മഞ്ഞുവീഴ്ചയും അപകടത്തിന്റെ ഷോക്കും ശരീരത്തിലെ ചതവും ഒടിവുകളുമായി ക്യാപ്റ്റന്‍ ലങ്കാസ്റ്റര്‍ കുറച്ചുകാലം കഷ്ടപ്പെട്ടെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. മരവിപ്പും തോളില്‍ സ്ഥാനഭ്രംശവും അനുഭവപ്പെട്ട സ്റ്റുവാര്‍ഡ് നൈജല്‍ ഓഗ്ഡനായിരുന്നു ഗുരുതരമായ പരുക്കേറ്റ മറ്റൊരാള്‍.
സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. തെറ്റായി ഇന്‍സ്റ്റാള്‍ ചെയ്ത ബോള്‍ട്ടുകളാണ് വിന്‍ഡ്ഷീല്‍ഡ് തകരാനും തുടര്‍ന്നുള്ള സ്‌ഫോടനാത്മകമായ ഡീകംപ്രഷനും കാരണമായത്. ബര്‍മിംഗ്ഹാമിലെ മെയിന്റനന്‍സ് തൊഴിലാളികള്‍ ക്യാബിനും പുറത്തെ വായുവും തമ്മിലുള്ള മര്‍ദ്ദ വ്യത്യാസത്തെ ചെറുക്കുന്നതിന് അല്‍പ്പം ചെറുതും ഇടുങ്ങിയതുമായ ബോള്‍ട്ടുകള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്.
കൃത്യമായ അറ്റകുറ്റപ്പണികളുടെ പ്രാധാന്യവും കുറുക്കുവഴികള്‍ സ്വീകരിക്കുമ്പോള്‍ സംഭവിക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങളുമാണ് ഈ സംഭവം എടുത്തുകാട്ടുന്നത്.
അച്ചിസണ്‍, ഗിബിന്‍സ്, ഓഗ്ഡന്‍ എന്നിവര്‍ക്ക് മികച്ച സേവനത്തിനുള്ള രാജ്ഞിയുടെ പ്രശംസ ലഭിച്ചു. സമ്മര്‍ദത്തിലും അസാധാരണമായ മികവ് പ്രകടമാക്കിയ അച്ചിസണിന് പൊളാരിസ് അവാര്‍ഡും ലഭിച്ചു. ക്യാപ്റ്റന്‍ ലങ്കാസ്റ്റര്‍ അഞ്ച് മാസത്തിന് ശേഷമാണ് തൊഴിലിലേക്ക് മടങ്ങിയത്.
ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഈ വിമാനം മൂന്നു വര്‍ഷത്തിന് ശേഷം റൊമാനിയന്‍ എയര്‍ലൈന്‍ ജാരോ ഇന്റര്‍നാഷണലിന് വില്‍പ്പന നടത്തി. മുപ്പത് വര്‍ഷത്തെ പറക്കല്‍ പൂര്‍ത്തിയാക്കി 2001ലാണ് ഈ വിമാനത്തിന്റെ സേവനം അവസാനിച്ചത്.