ശബരിമല- സന്നിധാനത്തെ അനിയന്ത്രിത തിരക്ക് ഒഴിവാക്കാന്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടി. വൈകിട്ട് നാലിന് തുറന്നിരുന്ന നട ഇന്നലെ മൂന്നിന് തുറന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ദര്‍ശനസമയം കൂട്ടുന്ന കാര്യം ബന്ധപ്പെട്ടവരോട് ആരാഞ്ഞിരുന്നു. ഇതനുസരിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടനേരത്തെ തുറക്കാന്‍ തീരുമാനിച്ചത്.
നേരത്തെ ഭക്തരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് തന്ത്രി മഹേഷ് മോഹനര് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ വൈകുന്നേരം 3 മണി മുതല്‍ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.
തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി തുറന്ന്ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. ഒരു മണിക്കൂര്‍ ദര്‍ശനസമയം വര്‍ദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ലഭിക്കും. ഇന്നലെയും ദര്‍ശനത്തിനായി ഭക്തര്‍ മണിക്കൂറുകള്‍ കാത്തുനിന്നു