Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ നിതീഷ്, നാല് സംസ്ഥാനങ്ങളില്‍ പര്യടനം

ന്യൂദല്‍ഹി- പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം ഉയര്‍ത്തികാണിക്കാനുള്ള നീക്കവുമായി നിതീഷ് കുമാര്‍. ഇത് സംബന്ധിച്ച തീരുമാനം നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) എടുത്തതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഈ മാസം 19ന് ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പാര്‍ട്ടി ഉയര്‍ത്തി കാണിക്കുമെന്ന് ജെ.ഡി.യു വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പര്യടനം നടത്താന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. റാലികളില്‍ ഈ മാസം അവസാന വാരം മുതല്‍ നിതീഷ് പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയിലാണ് നിതീഷ് കുമാര്‍ ആദ്യ റാലി സംഘടിപ്പിക്കുന്നത്. ഈ മാസം 24ന് റാലി നടക്കും. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ഫുല്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ റാലികളിലും പങ്കെടുക്കും. ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും റാലിയുമായി നിതീഷ് കുമാര്‍ എത്തുന്നുണ്ട്. ജനുവരി മുതല്‍ ഒരു മാസം നീളുന്ന പര്യടനമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ മുന്നണിയില്‍നിന്ന് ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥി പരിവേഷത്തില്‍ മഹാറാലികളെ അഭിസബോധന ചെയ്യാനാണ് ആലോചന. കുര്‍മി വിഭാഗത്തില്‍ പെടുന്ന നിതീഷ് കുമാര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ  ഫുല്‍പൂരില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങളും ശക്തമാകുന്നുണ്ട്. ഇതോടെ ബിഹാറിന് പുറത്ത്‌നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയില്‍ എത്താനാകുമെന്നും ജെ.ഡി.യു കണക്ക് കൂട്ടുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി മുതലെടുക്കാനാണ് ജെ.ഡി.യു നീക്കം. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃപദവി ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിതിഷ് കുമാറെന്ന പ്രചാരണം ശക്തമാക്കിയാല്‍ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് ജെ.ഡി.യു വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് വിലപേശല്‍ ശേഷി കുറഞ്ഞതോടെ ഇന്ത്യ മുന്നണിയിലെ നേതൃപദവി ലക്ഷ്യമിട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യമാണ്  നേരത്തെ കളത്തിലിറങ്ങാന്‍ നിതീഷിനെ പ്രേരിപ്പിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ചക്ക് നിതീഷ് സമയം തേടിയിട്ടുണ്ട്.

 

 

 

Latest News