Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കുക; മക്കയില്‍ പിടിയിലായവരെ നാടുകടത്തന്നു

ജിദ്ദ - ഹജ് ദിവസങ്ങള്‍ അടുത്തതോടെ മക്കയിലേക്കുള്ള എല്ലാ റോഡുകളിലും പരിശോധന കര്‍ശനമാക്കി. ഹജ് അനുമതി പത്രമില്ലാത്തവരെ ഏതു വിധത്തിലും തടയാനാണ് അധികൃതരുടെ തീരുമാനം. മക്കയുടെ അതിര്‍ത്തിക്കുള്ളിലും ഹജ് അനുമതി പത്രം പരിശോധിക്കുന്നുണ്ട്. വ്യാജ തസ് രീഹ് നല്‍കിയും അനധികൃത മാര്‍ഗത്തിലും മക്കയിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ചതിയില്‍ കുടങ്ങാതിരിക്കുക. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പിടികൂടി അപ്പോള്‍ തന്നെ ശിക്ഷ വിധിക്കുന്ന സംവിധാനമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലെത്തിക്കാന്‍ ശ്രമിച്ച  ഏഴു സൗദി പൗരന്മാരെയും ഒരു വിദേശിയെയും മക്ക പ്രവേശന കവാടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചു. ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് കമ്മിറ്റികള്‍ വധിച്ചത്.
സൗദി പൗരന്മാരായ നായിഫ് ഹസന്‍ മുബാറക് അല്‍ജഹ്ദലിക്ക് 2,70,000 റിയാലും ഫഹദ് അബ്ദുല്ല സ്വാലിഹ് അല്‍ഗാംദിക്ക് 40,000 റിയാലും അബ്ദുല്‍കരീം ഖിദ്ര്‍ ആബിദ് അല്‍ഹാരിസിക്ക് 20,000 റിയാലും മുഹമ്മദ് അഹ്മദ് അല്‍സഹ്റാനിക്ക് 20,000 റിയാലും യഅ്ഖൂബ് സുല്‍ത്താന്‍ അബ്ദുല്‍ അസീസിന് 20,000 റിയാലും മുഹമ്മദ് ജമീല്‍ മുഹമ്മദ് അല്‍സൈദലാനിക്ക് 20,000 റിയാലും ഹമാദ് യസ്ലം നജ്ദാന്‍ അല്‍മഹ്രിക്ക് 10,000 റിയാലുമാണ് പിഴ ചുമത്തിയത്. ഏഴു പേരെയും പതിനഞ്ചു ദിവസം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച നിയമ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചാണ് ഇവര്‍ക്ക് വ്യത്യസ്ത തുകകള്‍ പിഴയായി ചുമത്തിയത്. ഹമാദ് യസ്ലം നജ്ദാന്‍ അല്‍മഹ്രിയുടെ കാര്‍ കണ്ടുകെട്ടാനും ഉത്തരവായി.  വിദേശിയായ ഖൈസാര്‍ റാസാ ഹുസൈന്‍ ഷാക്ക് 40,000 റിയാല്‍ പിഴയും പതിനഞ്ചു ദിവസം തടവുമാണ് ശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുന്നതിനും ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉത്തരവിട്ടു. ഹജ് അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സൗകര്യം നല്‍കരുതെന്ന്  സൗദി പൗരന്മാരോടും വിദേശികളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുതിന് ശ്രമിച്ച 2,760 പേരെ സുരക്ഷാ വകുപ്പുകള്‍ ഇതുവരെ പിടികൂടിയതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Latest News