കൊച്ചി- വിവാഹ മോചനത്തിനുശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് ഡോ.ഹാദിയയുടെ പിതാവ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ചൊവ്വാഴ്ച പരിഗണിക്കും. പിതാവ് കെ.എം അശോകന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ചൊവ്വാഴ്ച ഹരജിയില്‍ വാദം കേള്‍ക്കുക. കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായി വേര്‍പിരിഞ്ഞതിനുശേഷം ഹാദിയയെ കാണാനില്ലെന്ന് കാണിച്ചാണ് അശോകന്റെ ഹരജി.
അതേസമയം, ഇസ്ലാം സ്വീകരിച്ച ശേഷം വിവാഹം കഴിച്ച പങ്കാളിയെ വിവാഹമോചനം ചെയ്ത് രണ്ടാമതും വിവാഹം കഴിച്ചതായി അവകാശപ്പെട്ട് ഹാദിയ രംഗത്തുണ്ട്. താന്‍ തിരുവനന്തപുരത്തുണ്ടെന്നതടക്കം അച്ഛന് എല്ലാ കാര്യങ്ങളും അറിയാമെന്നും സംഘ്പരിവാര്‍ ശക്തികള്‍ക്ക് ആയുധമായി മാറുകയാണെന്നും ഹാദിയ പറയുന്നു.
മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക്ക് നടത്തുകയായിരുന്ന ഹാദിയയെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്നും മകളെ കണ്ടെത്തി തിരികെ എത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹാദിയയുടെ പിതാവ് നല്കിയ ഹരജിയില്‍ പറയുന്നത്. മലപ്പുറത്തെ അവളുടെ ക്ലിനിക്ക് താന്‍ സന്ദര്‍ശിച്ചെങ്കിലും അത് അടച്ചിട്ടിരിക്കുകയാണെന്ന് അശോകന് അവകാശപ്പെട്ടു. അവളുടെ അയല്‍ക്കാര്‍ക്കും പോലും അവളെവിടെയാണെന്നതിന് ഒരു സൂചനയും ഇല്ലെന്നും ഹരാജിയില് പറഞ്ഞു.
ഇതിനിടെയാണ്, താന്‍ പുനര്‍വിവാഹിത ആയെന്നും തന്റഎ സ്വകാര്യത തകര്‍ക്കുകയാണെന്നും പറഞ്ഞ് ഹാദിയ രംഗത്തുവന്നത്. മലപ്പുറത്തെ ക്ലിനിക്ക് ഇപ്പോള്‍ ഇല്ലെന്നും ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന തിരുവനന്തപുരത്ത് പുതിയ ക്ലിനിക്ക് തുറക്കുമെന്നും അവര്‍ പറയുന്നു.
2017ല്‍ ഹാദിയയെ നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിച്ചെന്ന് കാണിച്ച് പിതാവ് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് സേലത്ത് ഡിഎച്ച്എംഎസ് കോഴ്സ് പഠിക്കുകയായിരുന്ന ഹാദിയയെ അവള് പഠിക്കുന്ന സ്ഥാപനത്തിലെ സഹപ്രവര്ത്തകന് നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.
എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് അവകാശപ്പെട്ട ഹാദിയ ഷെഫിന് ജഹാനെ വിവാഹം ചെയ്ത ശേഷമാണ് മതം മാറിയതെന്ന പിതാവിന്റെ അവകാശവാദം ശക്തമായി നിഷേധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഹാദിയയുടെ വിവാഹം 2017 മെയ് മാസത്തില്‍ ഹൈക്കോടതി റദ്ദാക്കി.
2018ല്‍, ഷെഫിന് സമര്‍പ്പിച്ച ഹരജിയില്‍, ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ദമ്പതികളെ ഒരുമിച്ച് താമസിക്കാന്‍ ഉത്തരവിടുകയായിരുന്നു.
എന്നാല്‍, ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പൊരുത്തപ്പെടാത്തതിനാല്‍ വിവാഹമോചനം നേടിയെന്ന് അറിയിച്ച് അടുത്തിടെയാണ് ഹാദിയ പരസ്യമായി രംഗത്തെത്തിയത്. 2016ലാണ് അഖില അശോകന് എന്ന ഹാദിയ ഇസ്ലാം സ്വീകരിച്ചത്.
ലൗ ജിഹാദിന് ഇരയായെന്ന് അവകാശപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിഷയം ദേശീയ പ്രാധാന്യം നേടിയത്.