പാരീസ്- ചെങ്കടലില്‍ ഫ്രഞ്ച് യുദ്ധക്കപ്പലിനുനേരെ വന്ന രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഫ്രഞ്ച് സൈന്യം അറിയിച്ചു. ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്ന പടക്കപ്പലായ ലാംഗ്‌ഡോക്കിനുനേരെ യെമന്‍ തീരത്തുനിന്ന് വന്ന ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്ന് ഫ്രഞ്ച് മിലിറ്ററി ജനറല്‍ സ്റ്റാഫ് പത്രക്കുറിപ്പില്‍ പറഞ്ഞു.
യെമന്‍ തീരത്ത് നിന്ന് 110 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. ഹൂതി വിമതരുടെ കൈവശമുള്ള യെമന്‍ തുറമുഖ നഗരമായ ഹുദൈദയില്‍നിന്നാണ് ഡ്രോണുകള്‍ ലാംഗ്‌ഡോക്കിനുനേരെ വന്നതെന്ന് ഫ്രഞ്ച് നാവികസേന അറിയിച്ചു.
ഡ്രോണുകളുടെ ലക്ഷ്യം ഫ്രഞ്ച് നാവികസേനയുടെ പടക്കപ്പലായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
ഇസ്രായില്‍ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കപ്പലിന്റെ ഉടമസ്ഥാവകാശം ജൂത രാഷ്ട്രവുമായി ബന്ധപ്പെട്ടതാണോ എന്നത് പരിഗണിക്കില്ലെന്നും ഹൂതികള്‍ പറഞ്ഞിരുന്നു.
ഒക്ടോബറില്‍ ഇസ്രായില്‍ ഫല്‌സതിനീകള്‍ക്കെതിരെ യുദ്ധം തുടങ്ങിയതു മുതല്‍ ഹൂതികള്‍ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം ലക്ഷ്യങ്ങളിലെത്തുന്നതിനുമുമ്പ് തന്നെ തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ചെങ്കടലിന് മുകളില്‍ ബാലിസ്റ്റിക് മിസൈല്‍ ഇസ്രായില്‍ വടിവെച്ചിട്ടിരുന്നു.
നവംബറില്‍ യെമനില്‍ ചെങ്കടലില്‍ വെച്ച് ഇസ്രായേലുമായി ബന്ധമുള്ള കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഹുദൈദക്കു സമീപം കപ്പല്‍ ഇപ്പോഴും ഹൂതികളുടെ കൈവശമാണ്.
ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലേക്ക് മാനുഷിക സഹായം അനുവദിച്ചില്ലെങ്കില്‍ ഇസ്രായിലിലേക്ക് പോകുന്ന കപ്പലുകള്‍ കടത്തിവിടുന്നത് തടയുമെന്ന് ഹൂത്തികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ ഭീഷണി അവരുടെ ലക്ഷ്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരിക്കയാണ്.
ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് സഹായം നല്‍കുന്നതിനിടെ ഒരു അമേരിക്കന്‍ ഡിസ്‌ട്രോയര്‍ കഴിഞ്ഞയാഴ്ച മൂന്ന് ഡ്രോണുകള്‍ വെടിവച്ചിട്ടിരുന്നു. സമുദ്ര സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഭീഷണിയെ അപലപിക്കുകയും ചെയ്തു.
ഹൂതികളുടെ സമീപകാല ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബൈഡന്‍ ഭരണകൂടം ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ യെമനിലെ ഹൂതികള്‍ ഉയര്‍ത്തുന്ന ഭീഷണി അന്താരാഷ്ട്ര സമൂഹം കൈകാര്യം ചെയ്തില്ലെങ്കില്‍ തങ്ങള്‍ നടപടി സ്വീകരിക്കുമെന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ സാച്ചി ഹനെഗ്ബി മുന്നറിയിപ്പ് നല്‍കി. എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.