ലഖ്‌നൗ- ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവ് മായാവതി തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു പ്രഖ്യാപനം. ബി.എസ്.പിയുടെ ഭാവി നേതൃത്വത്തിനായുള്ള തന്ത്രപരമായ നീക്കമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ 67 വയസ്സായ മായാവതിയോടൊപ്പം ആകാശും സജീവമായി പങ്കെടുത്തിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പിന്‍ഗാമിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടി.
മായാവതിയുടെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിന്റെ മകനാണ് 28 കാരനായ ആകാശ്. ബാബ സാഹാബി ദര്‍ശനത്തിന്റെ യുവ പിന്തുണക്കാരനെന്നും വിദ്യാഭ്യാസം, ശാക്തീകരണം, സമത്വം എന്നിവക്കായി നിലകൊള്ളുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആകാശ് സ്വയം വിശേഷിപ്പിക്കുന്നത്.
ഗുഡ്ഗാവിലെ പാത്ത്‌വേസ് വേള്‍ഡ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആകാശ് 2016ല്‍ യു.കെയിലെ പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. 2017ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 2019ല്‍ മായാവതി ആകാശിനെ ബിഎസ്പിയുടെ ദേശീയ കോഓര്‍ഡിനേറ്ററായി നിയമിച്ചു. 2016 ഡിജെടി കോര്‍പ്പറേഷനും ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും സ്ഥാപിച്ചതായും ആകാശിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍, മായാവതിയുമായി അടുത്ത സഹായി ബിഎസ്പി നേതാവ് അശോക് സിദ്ധാര്‍ത്ഥിന്റെ മകള്‍ പ്രഗ്യയെ അദ്ദേഹം വിവാഹം കഴിച്ചു. നേതൃമാറ്റത്തിന് സാധ്യതയുള്ളതിനാല്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതി ആകാശിനെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നു.
പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ആകാശ് ആനന്ദ് അടുത്തിടെ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിരുന്നു. ഭീം ആര്‍മി മേധാവി ചന്ദ്രശേഖറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.