ന്യൂദല്‍ഹി- ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി കോണ്‍ഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കില്‍ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി രൂപ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടെ, ബുധനാഴ്ച ആരംഭിച്ച റെയ്ഡുകളില്‍ കണ്ടെത്തിയ പണം, ഒറ്റ ഓപ്പറേഷനില്‍ ഏറ്റവും ഉയര്‍ന്ന കള്ളപ്പണ വേട്ടയായി മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ പണവും കണ്ടെടുത്തത്.
പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെ എണ്ണല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ചെറുതും വലുതുമായ ഇരുന്നൂറോളം ബാഗുകളാണ് പണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ചില ബാഗുകള്‍ ഇനിയും തുറക്കാനുണ്ട്.