ബെയ്‌റൂത്ത്-ലബനോനില്‍ ബംഗ്ലാദേശി പൗരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍. തീരപ്രദേശമായ ജൗനിയയില്‍ ജോലിക്കു പോകുമ്പോഴാണ് 41 കാരനായ ബംഗ്ലാദേശ് പൗരനെ തട്ടിക്കൊണ്ടുപോയതെന്ന് ലബനീസ് ആഭ്യന്തര സുരക്ഷ സേന അറിയിച്ചു.
പ്രതികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞ് ഖാസിര്‍ ഡിസ്ട്രിക്ടില്‍ സുരക്ഷാ സേന റെയ്ഡ് നടത്തുകയായിരുന്നു.
ബംഗ്ലാദേശിയെ കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടിയ നിലയില്‍ ബാത്ത് റൂമിലാണ് കണ്ടെത്തിയത്. 31 വയസ്സായ രണ്ട് ഇന്ത്യക്കാരെ സ്ഥലത്തുവെച്ച് പിടികൂടി. 33 കാരനായ സംഘത്തലവനെ സമീപത്തെ പട്ടണമായ കഫര്‍ ഹബാബില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
പണം ആവശ്യപ്പെടാനാണ് ബംഗ്ലാദേശ് പൗരനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. തന്റെ കാമുകിയോടാണ് പണം ആവശ്യപ്പെട്ടതെന്നും മര്‍ദിച്ച ശേഷം കെട്ടിത്തൂക്കാന്‍ ശ്രമിച്ചുവെന്നും രക്ഷപ്പെട്ട ബംഗ്ലാദേശി പോലീസിനോട് പറഞ്ഞു.
പ്രവാസി തൊഴിലാളികള്‍ ക്രിമനല്‍ സംഘങ്ങള്‍ രൂപീകരിച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കയാണെന്ന് പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്ന് വിതരണം ചെയ്യുന്ന ബംഗ്ലാദേശി സംഘത്തെ പോലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു.