ന്യൂദൽഹി-രജപുത്ര നേതാവും കർണി സേന തലവനുമായ സുഖ്‌ദേവ് സിംഗ് ഗോഗമേഡിയെ ജയ്പൂരിലെ വീട്ടിൽ അതിഥികളുടെ മുന്നിൽ വെച്ച് വെടിവെച്ചു കൊന്ന കേസിൽ ഒരാൾ പിടിയിൽ. അക്രമികളായ രോഹിത്, നിതിൻ എന്നിവരെ ബൈക്കിൽ കയറ്റി അജ്മീർ റോഡിൽ ഇറക്കിവിടാൻ സഹായിച്ച രാംവീറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നിതിൻ താമസിക്കുന്ന അതേ ഗ്രാമത്തിലാണ് രാംവീർ താമസിച്ചിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഗോഗമേദി ജയ്പൂരിലെ വീട്ടിൽ നാലുപേർക്കൊപ്പം ചായ കുടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഗോഗമേഡിയെ കാണാനെത്തിയ രണ്ടു പേർ ചായ കുടിക്കുന്നതിനിടെ പെട്ടെന്ന് എഴുന്നേറ്റ് വെടി ഉതിർക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. വെടിവെപ്പിൽ ഗോഗമെഡിയുടെ സുരക്ഷാ ജീവനക്കാരിൽ ഒരാൾക്കും ഗുരുതരമായി പരിക്കേറ്റു. ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയി എന്നിവരുടെ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഗുണ്ടാസംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
കൊലപാതകത്തെ തുടർന്ന് ഗോഗേമേഡിയുടെ അനുയായികൾ രാജസ്ഥാനിൽ ബന്ദ് നടത്തിയിരുന്നു. കൊലപാതകത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ ഏജൻസിയായ എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും സ്‌റ്റേഷൻ ഹൗസ് ഓഫീസറെയും സസ്‌പെന്റ് ചെയ്തിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സംസ്ഥാന പോലീസ് മേധാവിക്കും നിരവധി തവണ കത്തുകൾ അയച്ചിട്ടും തന്റെ ഭർത്താവിന് സുരക്ഷ നൽകിയില്ലെന്ന് ഗോഗമേഡിയുടെ ഭാര്യ ഷെഖാവത്ത് ആരോപിച്ചു. തന്റെ ഭർത്താവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് ഫെബ്രുവരിയിൽ പഞ്ചാബ് പോലീസ് രാജസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഉമേഷ് മിശ്രയ്ക്ക് കത്തെഴുതിയതായി ഷെഖാവത്ത് അവകാശപ്പെട്ടു. ഭീഷണികൾക്കിടയിലും അശോക് ഗെലോട്ടും മിശ്രയും ഗോഗമേഡിക്ക് സുരക്ഷാ പരിരക്ഷ നൽകിയില്ലെന്ന് അവർ ആരോപിച്ചു.