Sorry, you need to enable JavaScript to visit this website.

മകളെ ക്രൂരമായി കൊലപ്പെടുത്തിയവരുടെ വിധിയറിഞ്ഞു, നീണ്ട 15 വര്‍ഷം പോരാട്ടം നടത്തിയ ആ അച്ഛനും വിടപറഞ്ഞു

ന്യൂദല്‍ഹി - അക്രമികളാല്‍ കൊല്ലപ്പെട്ട മലയാളി പത്രപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് വിശ്വനാഥന്‍ (91) മരണമടഞ്ഞു. മകളുടെ കൊലപാതകികളെ നിയമത്തിന്റെ വഴിയില്‍ കൊണ്ടു വരുന്നതിനും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം പോരാട്ടം നടത്തി വരികയായിരുന്നു. മരിക്കുന്നതിന് മുന്‍പ് മകളുടെ കൊലപാതകികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത് അറിയാന്‍ ആ പിതാവിനായി. ഹൃദ്രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണമടഞ്ഞത്. സൗമ്യയുടെ കൊലപാതക കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ 25നാണ് നാലു പ്രതികളെ ജീവപര്യന്തം തടവിനും അഞ്ചാം പ്രതിയെ മൂന്നു വര്‍ഷം തടവിനും ഏഴു ലക്ഷം പിഴയടക്കാനും ദല്‍ഹിയിലെ സാകേത് അഡീഷനല്‍ കോടതി വിധി പ്രസ്താവിച്ചത്.
ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ വിധി വന്നദിവസം വിശ്വനാഥന് കോടതിയിലെത്താനായിരുന്നില്ല. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 15 വര്‍ഷം ഒരു ചെറിയ സമയമല്ലെന്നും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നുമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ദിവസം വിശ്വനാഥന്‍  പ്രതികരിച്ചത്. വധശിക്ഷ നല്‍കിയാല്‍ ശിക്ഷ കുറഞ്ഞുപോകുമെന്നും തടവുശിക്ഷ തന്നെയാണ് ലഭിക്കേണ്ടതെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. വിശ്വനാഥന്റെ നിശ്ചയദാര്‍ഢ്യവും നീണ്ട പോരാട്ടവും സൗമ്യ വധക്കേസില്‍ നിര്‍ണായകമായി മാറിയിരുന്നു.

 

Latest News