Sorry, you need to enable JavaScript to visit this website.

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ചടങ്ങ് ബഹിഷ്‌കരിച്ചു

കണ്ണൂർ- യൂത്ത് കോൺഗ്രസ് ജില്ല ഘടകത്തിൽ പൊട്ടിത്തെറി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഫർസീൻ മജീദ് ബഹിഷ്‌കരിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങാണ് ഫർസീൻ ബഹിഷ്‌കരിച്ചത്. ജില്ല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഫർസീൻ. താൻ വൈസ് പ്രസിഡന്റായി ചുമതലയേൽക്കില്ലെന്നും ഫർസീൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചാണ് ഫർസീൻ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ചതും, സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചതും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയായ ഫർസീൻ മജീദ്, അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിച്ചത്. എന്നാൽ പരാജയപ്പെട്ടു. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന് ഫലപ്രഖ്യാപനം വന്നപ്പോൾ തന്നെ ഫർസീൻ ആരോപിച്ചിരുന്നു.
മുമ്പ് പിണറായിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തി ശ്രദ്ധ നേടിയിരുന്ന ഫർസീൻ മജീദിനെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റാക്കണമെന്ന് കെ. സുധാകരൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ തീരുമാനിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എ ഗ്രൂപ്പ് പ്രതിനിധിയാണ് അട്ടിമറിയിലൂടെ വിജയം നേടിയത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ഒരു വിഭാഗം വോട്ടെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. ക്രമക്കേടിന് സാധ്യതയുണ്ടെന്ന് അന്നു തന്നെ കെ. സുധാകരനും സംശയം പ്രകടിപ്പിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിനെതിരെ ഫർസീൻ പരസ്യമായി പ്രതികരിച്ചിരുന്നു. വ്യാജന്മാരെ കണ്ടെത്തണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. വ്യാജ വിളയാട്ടം നടത്തിയെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവരുതെന്നും പ്രവർത്തകരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫർസീൻ ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു. നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസെന്നും ഫർസീൻ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിലൂടെ ഫർസീൻ മജീദ് സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന യുവനേതാവായി വളർന്നു. എന്നാൽ ഈ സംഭവത്തിൽ ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയാണെന്നാണ് തലശ്ശേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ മട്ടന്നൂർ പോലീസ് റിപ്പോർട്ട് നൽകിയത്. ഫർസീനെതിരായ 17 കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട് നൽകിയത്.
ഈ കേസിൽ ജാമ്യമെടുത്ത ശേഷം സംഘടനാ പ്രക്ഷോഭരംഗങ്ങളിൽ കൂടുതൽ സജീവമാവുകയാണ് ഫർസീൻ ചെയ്തത്. ഇതിന് പിന്നാലെയാണ് മത്സര രംഗത്തെത്തിയതും.

Latest News