Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ ആക്രമണം നേരിട്ട ഡാനിഷ് അലിയെ മായാവതി പുറത്താക്കി

ന്യൂദൽഹി- അടുത്തിടെ പാർലമെന്റിൽ അസഹ്യമായ വർഗീയ പരാമർശത്തിന് ഇരയായ ലോക്‌സഭാ എം.പി ഡാനിഷ് അലിയെ ബഹുജൻ സമാജ് പാർട്ടിയിൽ നിന്ന് മായാവതി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി.  പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ പ്രസ്താവനകളും പ്രവർത്തനങ്ങളും തുടർച്ചയായി നടത്തുന്നുവെന്നും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പരിഗണിച്ചില്ലെന്നും ബി.എസ്.പി പ്രസ്താവനയിൽ പറഞ്ഞു. ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇന്നലെ പാർലമെന്റിന് പുറത്ത് ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നു. ഇരയെ കുറ്റവാളിയാക്കി മാറ്റരുത്' എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കിയിട്ടായിരുന്നു പ്രതിഷേധം. ബി.ജെ.പി എം.പി രമേഷ് ബിധുരി പാർലമെന്റിൽ ഡാനിഷ് അലിയ്‌ക്കെതിരെ അതിക്രൂരമായ വർഗീയ അധിക്ഷേപം നടത്തിയിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ചന്ദ്രയാൻ3 ദൗത്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബിധുരി നടത്തിയ പരാമർശത്തെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. രണ്ട് നേതാക്കളെയും വെവ്വേറെ കേട്ട ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിയുടെ യോഗത്തിൽ അലിയ്‌ക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളിൽ ബി.ജെ.പി എം.പി കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
 

Latest News