തിരുവനന്തപുരം - ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനി എറണാകുളം ഉദയംപേരൂർ സ്വദേശിനി അതിഥി ബെന്നിയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയത്. തുടർന്ന് വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആരോഗ്യസ്ഥിതി കൂടുതൽ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഹോസ്റ്റലിന്റെ നാലാംനിലയിൽനിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് കുറച്ചുദിവസമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വിദ്യാർത്ഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.