മുംബൈ- ഐസിസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി (എൻ.ഐ.എ) ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ 40 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി 13 പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലും എൻ.ഐ.എ റെയ്ഡ് നടത്തി. താനെ, പൂനെ, മീരാ ഭയന്ദർ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലെ 40 വ്യത്യസ്ത സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. താനെ റൂറൽ, താനെ നഗരം,പൂനെ മീരാ ഭയന്ദർ എന്നിവടങ്ങളിലാണ് റെയ്ഡ് നടന്നത്. മോഷണക്കേസിൽ അറസ്റ്റിലായ രണ്ടുപേർക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മുംബൈയിൽ നിന്നുള്ള തബിഷ് നാസർ സിദ്ദിഖി, പൂനെയിൽ നിന്നുള്ള സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, അദ്നാൻ സർക്കാർ, താനെയിൽ നിന്നുള്ള ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോദാവാല എന്നിവരെ ഒരു മാസം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.