യുണൈറ്റഡ് നേഷൻസ്- ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായിലിന്റെ ക്രൂരതയെ ഒരിക്കൽ കൂടി അമേരിക്ക പിന്തുണച്ചു. രണ്ടു മാസമായി തുടരുന്ന അതിശക്തമായ ആക്രമണം അവസാനിപ്പിക്കുന്നിന് വേണ്ടി യു.എന്നിൽ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. രണ്ടു മാസം മുമ്പ് തുടങ്ങിയ ഇസ്രായിൽ ആക്രണത്തിൽ ഇതേവരെ ഗാസയിൽ 17487 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്.
ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങൾ തരിശുഭൂമിയായി മാറി. ജനസംഖ്യയുടെ 80 ശതമാനവും കുടിയൊഴിപ്പിക്കപ്പെട്ടു, ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും വർദ്ധിച്ചുവരുന്ന രോഗഭീഷണിയും കാരണം ഗാസ നിവാസികൾ വൻ പ്രതിസന്ധി നേരിടുകയാണെന്നും യു.എൻ വ്യക്തമാക്കുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുഎൻ ചാർട്ടറിലെ അപൂർവ്വമായി ഉപയോഗിക്കുന്ന ആർട്ടിക്കിൾ 99, അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ച് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ബന്ദികളെ മോചിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 'ഹമാസ് നടത്തുന്ന ക്രൂരത ഒരിക്കലും ഫലസ്തീൻ ജനതയുടെ കൂട്ടായ ശിക്ഷയെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ ചൂടു കിട്ടാൻ ടെലിഫോൺ പോസ്റ്റുകൾ മുറിച്ചു കത്തിക്കാൻ വരെ തുടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു. ഗാസയിലെ കൊലപാതകങ്ങളിൽ യു.എൻ സുരക്ഷാ കൗൺസിലിനും പങ്കുണ്ടെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറഞ്ഞു.