ന്യൂദൽഹി- എ.ഐ.എം.ഐ.എമ്മിന്റെ അക്ബറുദ്ദീൻ ഉവൈസിയെ തെലങ്കാന നിയമസഭയുടെ പ്രോടെം സ്പീക്കറായി നിയമിച്ചതിൽ പ്രതിഷേധിച്ച് തെലങ്കാന ബി.ജെ.പി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറുടെ ചുമതലയാണ്.
കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോഷാമഹലിൽ നിന്ന് വിജയിച്ച ബി.ജെ.പി എം.എൽ.എ ടി.രാജ സിംഗ് എ.ഐ.എം.ഐ.എമ്മിന് മുന്നിൽ താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ (അക്ബറുദ്ദീൻ ഉവൈസി) മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാമോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി എട്ട് സീറ്റുകളിൽ വിജയിച്ചിരുന്നു. മുതിർന്ന എം.എൽ.എമാരെ പ്രോടെം സ്പീക്കറായി നിയമിക്കുന്നതാണ് കീഴ് വഴക്കം.
ബി.ജെ.പി എം.എൽ.എമാർ ഈ പ്രോടേം സ്പീക്കർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കും. സ്പീക്കറെ നിയമിച്ചതിന് ശേഷം ഞങ്ങളുടെ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും. ഇത് സംബന്ധിച്ച് ഞങ്ങൾ ഗവർണറെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2018ലും പ്രോടെം സ്പീക്കർ എ.ഐ.എം.ഐ.എമ്മിൽനിന്നുള്ള ആളായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ രാജാ സിംഗ് വിസമ്മതിച്ചിരുന്നു. പ്രോടെം സ്പീക്കറായി ഉവൈസി ഇന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് തന്റെ മുൻഗാമി കെ ചന്ദ്രശേഖർ റാവുവിനെപ്പോലെ എ.ഐ.എം.ഐ.എമ്മിനെ ഭയമാണെന്നും അതാണ് ഉവൈസിയെ പ്രോടെം സ്പീക്കറാകാൻ അനുവദിച്ചതെന്നും സിംഗ് ആരോപിച്ചു.
പ്രോട്ടോക്കോൾ അനുസരിച്ച് നിയമസഭയിലെ ഏറ്റവും മുതിർന്ന എം.എൽ.എയെ പ്രോടേം സ്പീക്കറാക്കുന്നത്. ഉവൈസി ആറാം തവണയും ചന്ദ്രയങ്കുട്ട മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് (ഐക്യ ആന്ധ്ര നിയമസഭ ഉൾപ്പെടെ) തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, പ്രോടെം സ്പീക്കറാക്കാൻ കഴിയുമായിരുന്ന നിരവധി മുതിർന്ന എം.എൽ.എമാരുണ്ടെന്ന് സിംഗ് അവകാശപ്പെട്ടു. പുതിയ മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെയും എ.ഐ.എം.ഐ.എം നേതാക്കളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.