Sorry, you need to enable JavaScript to visit this website.

മുന്തിയ പെര്‍ഫ്യൂം തയാറാക്കുന്നത് കടല്‍ ജിവി  പുറന്തള്ളുന്ന  അവശിഷ്ടത്തില്‍ നിന്ന്

ദമസ്‌കസ്- പെര്‍ഫ്യൂം  ഉപയോഗിക്കാതെ പുറത്തുപോകാന്‍ തന്നെ പലര്‍ക്കും മടിയാണ്. മനുഷ്യര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം പലതരത്തിലാണ് നിര്‍മ്മിക്കുന്നത്. സവിശേഷമായ പല പ്രക്രിയകളും കടന്നാണ് വിലയേറിയ പല പെര്‍ഫ്യൂമുകളും വിപണിയിലെത്തുന്നത്. എന്നാല്‍ കടലിലെ ജീവികളില്‍ നിന്ന് പെര്‍ഫ്യൂം ഉണ്ടാക്കുന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. കോടികള്‍ വിലമതിക്കുന്നതും അപൂര്‍വവുമായ വസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് എന്ന് നമുക്കറിയാം. സ്പേം തിമിംഗലങ്ങളില്‍ (എണ്ണ തിമിംഗലം) നിന്ന് പുറത്തുവരുന്ന വസ്തുവാണ് ആംബര്‍ഗ്രിസ്. സ്‌ക്വിഡ്, കണവ തുടങ്ങിയ സെഫലോപോഡ് വര്‍ഗത്തില്‍പ്പെട്ട കടല്‍ജീവികളാണ് സ്പേം തിമിംഗലങ്ങളുടെ പ്രധാന ആഹാരം. ഇവ ദഹിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരത്തില്‍ ദഹിക്കാത്ത ഭാഗങ്ങള്‍ തിമിംഗലത്തിന്റെ കുടലില്‍ എത്തുകയും അവിടെ സ്രവങ്ങളുമായി കൂടിച്ചേര്‍ന്ന് കട്ടികൂടിയ ആംബര്‍ഗ്രിസിന്റെ രൂപത്തിലെത്തുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം ആംബര്‍ഗ്രിസ് തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ തന്നെ തുടര്‍ന്നേക്കാം. ഛര്‍ദ്ദിയുടെ രൂപത്തിലാണ് ആംബര്‍ഗ്രിസിനെ തിമിംഗലം പുറന്തള്ളുന്നത്. അതേ സമയം, വിസര്‍ജ്യമായാണ് പുറത്ത് കളയുന്നതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്. പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണത്തിന് ആംബര്‍ഗ്രിസിനെ പ്രധാനമായും ഉപയോഗിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ആംബര്‍ഗ്രിസിനെ പെര്‍ഫ്യൂമാക്കി മാറ്റുന്നതെന്ന് അറിയുമോ?തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുമ്പോള്‍ ആംബര്‍ഗ്രിസിന് അതിരൂക്ഷമായ ദുര്‍ഗന്ധമാണ്. എന്നാല്‍, കട്ടികൂടുന്നതോടെ ദുര്‍ഗന്ധം മാറി ഏകദേശം കസ്തൂരിയ്ക്ക് സമാനമായ നേരിയ സുഗന്ധം ഉണ്ടാകുന്നു. ആംബര്‍ഗ്രിസില്‍ നിന്ന് ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ അധിഷ്ഠിതമായ ആംബ്രിന്‍ എന്ന വസ്തു വേര്‍തിരിച്ചെടുക്കുന്നു. പെര്‍ഫ്യൂമുകളിലെ സുഗന്ധം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ ഇത് സഹായിക്കുന്നു. ആംബര്‍ഗ്രിസിന്റെ നിറം അനുസരിച്ചാണ് പെര്‍ഫ്യൂമുകളുടെ നിലവാരവും അളക്കുന്നത്. നേര്‍ത്ത വെള്ള നിറത്തിലെ  ആംബര്‍ഗ്രിസാണ് ഏറ്റവും ശുദ്ധവും വിലകൂടിയതും. ഇതില്‍ നിന്ന് നിര്‍മ്മിക്കുന്ന പെര്‍ഫ്യൂമുകളാണ് ഏ?റ്റവും ഗുണനിലവാരം കൂടിയവയായി കണക്കാക്കുന്നത്. കറുത്ത നിറത്തിലെ ആംബര്‍ഗ്രിസിനാണ് വില കുറവ്. കാരണം, ഇതില്‍ ആംബ്രിന്റെ അളവ് കുറവാണ്. ആംബര്‍ഗ്രിസിന്റെ നിറമാറ്റത്തിന് പിന്നില്‍ ഓക്‌സിഡേഷന്‍ പ്രക്രിയയാണ്. കടലുമായും വായുവുമായും കൂടുതല്‍ കാലം സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

Latest News