ഭോപ്പാല്‍- കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്നതില്‍ മധ്യപ്രദേശ് മാതൃക ആയിരിക്കയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടു. ഇത്തരം കേസുകളില്‍ പത്ത് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു കഴിഞ്ഞു.
ഇത്തരം രാക്ഷസന്മാരില്‍നിന്ന് ഈ ഭൂമി രക്ഷപ്പെടണം-അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ ഭോപ്പാലിലെ മോത്തിലാല്‍ നെഹ്്‌റു സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് അംഗീകരിച്ചത്.
ഒരു കാര്യമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. ഒരുഭാഗത്ത് പെണ്‍കുട്ടികളെ പോലീസിലെടുത്ത് അവരുടെ ശാക്തീകരണത്തിനു ശ്രമിക്കുമ്പോള്‍ മറു ഭാഗത്ത് രാക്ഷസന്മാര്‍ പ്രായപൂര്‍ത്തിയാകാത്തവരും നിഷ്‌കളങ്കരുമായ കുട്ടികളുടെ ജീവനെടുക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു. രാക്ഷസന്മാര്‍ ഭൂമിയെ നശിപ്പിക്കുകയാണ്. അവരില്‍നിന്ന് ഭൂമിയെ രക്ഷിച്ചേതീരൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ബലാത്സംഗ കേസുകളില്‍ വിചാരണ നടത്താന്‍ 50 പ്രത്യേക കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. പത്ത് കുറ്റവാളികള്‍ക്ക് ഇതിനകം വധശിക്ഷ വിധിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷമാണ് വിവിധ കോടതികള്‍ ഉത്തരവിട്ടത്. ഷദോള്‍ ജില്ലയില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ 23 കാരന് വധശിക്ഷ വിധിച്ചുകൊണ്ടായിരുന്നു തുടക്കം. സാഗര്‍ ജില്ലയില്‍ പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 40 വയസ്സുകാരന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചു.
ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന കോടതി വിധികള്‍ക്ക് പ്രചാരണം നല്‍കണമെന്നും അതുവഴി രാക്ഷസ മനസ്സുള്ളവരില്‍ ഭീതി വളര്‍ത്താനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പറഞ്ഞിരുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും ദിവസങ്ങള്‍ക്കകം പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന അതിവേഗ കോടതികളെ കുറിച്ചാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്ന് ആളുകളെ അകറ്റുന്നതിന് ഉത്തരവുകള്‍ക്ക് വ്യാപക പ്രചാരണം നല്‍കുക വഴി സാധിക്കുമെന്നും മോഡി അഭിപ്രായപ്പെട്ടിരുന്നു.
2016 ല്‍ രാജ്യത്ത് 38,947 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ -4882 എണ്ണം മധ്യപ്രദേശിലായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ കണക്കായിരുന്നു ഇത്. കുട്ടികളെ പീഡിപ്പിച്ച കേസുകളുടെ എണ്ണം 2479 ആയിരുന്നു. 2310 കേസുകളുമായി മഹാരാഷ്ട്രയും 2115 കേസുകളുമായി ഉത്തര്‍പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2015 ലും മധ്യപ്രദേശില്‍ തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ (4391).
സ്ത്രീ ശാക്തീകരണത്തിനുള്ള നടപടികളാണ് തന്റെ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നതെന്ന് ചൗഹാന്‍ അവകാശപ്പെട്ടു. പഞ്ചായത്തുകള്‍ക്ക് ശേഷം സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപക ജോലികളില്‍ 50 ശതമാനവും വനംവകുപ്പ് ഒഴികെയുള്ള മറ്റു വകുപ്പുകളില്‍ 30 ശതമാനവുമാണ് വനിതകള്‍ക്ക് സംവരണം.