ഗാസ- ഇസ്രായിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് മുമ്പ് ഫലസ്തീൻ ബാലൻ ഔനി അൽ ദോസ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫലസ്തീനിലെ സോഷ്യൽ മീഡിയ താരമായിരുന്നു ഔനി അൽ ദോസ്. ഏതാനും ദിവസം മുമ്പാണ് ഒബാമക്ക് ഔനി ശബ്ദസന്ദേശം അയച്ചത്. ശബ്ദസന്ദേശത്തിന്റെ പരിഭാഷ:
ബഹുമാനപ്പെട്ട അമേരിക്കയുടെ മ ുൻ പ്രസിഡന്റ് ബറാക് ഒബാമക്ക് ഗാസയിലെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽനിന്ന് ഔനി അൽ ദോസ്. ബഹുമാനപ്പെട്ട ബറാക് ഒബാമ. ഞാൻ സ്വയം പരിചയപ്പെടുത്താം. ഞാൻ ഫലസ്തീനിൽ നിന്നുള്ള ബാലനാണ്, എന്റെ പേര് ഔനി അൽ ദോസ്.
ജനാധിപത്യത്തെയും മനുഷ്യവകാശത്തെയും മനുഷ്യ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് നിങ്ങളുടെ നാമധേയത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ചൊരു സെമിനാറിൽ നിങ്ങളുടെ പ്രഭാഷണത്തിനു ഞാൻ കാതോർത്തെങ്കിലും കേൾക്കാൻ പറ്റാതെ പോയി. അമേരിക്കൻ നിർമ്മിത ബോംബുകളും മിസൈലുകളുമുപയോഗിച്ച് ഇസ്രായിൽ തകർത്തു തരിപ്പണമാക്കിയ എന്റെ കൂട്ടുകാരുടെയും കുടുംബങ്ങളുടെയും അയൽപക്കക്കാരുടെയും പാർപ്പിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾക്കിടയിൽനിന്ന് നിങ്ങളുടെ ശബ്ദം കേൾക്കാനായില്ല. കനത്ത ബോംബിംഗിലും മിസൈൽ വർഷത്തിലും കീഴ്‌മേൽ മറിയുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെയും പരിക്കേറ്റവരുടെയും മറ്റും നിലവിളികൾക്കിടയിൽനിന്ന് നിങ്ങളുടെ ശബ്ദം കേൾക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ നിങ്ങളോട് സംസാരിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ബോംബർ വിമാനങ്ങളുടെയോ മിസൈലുകളുടെയോ മൂളലുകളില്ലാത്ത ശാന്തമായ അമേരിക്കയിലെ വസതിയിൽ വെച്ചായിരിക്കും ഒരു പക്ഷേ നിങ്ങൾ എന്റെ ശബ്ദം കേൾക്കുന്നുണ്ടാകുക.
എന്റെ അഭിലാഷം ഭാവിയിൽ ഒരു ശാസ്ത്രജ്ഞനാകണം എന്നതായിരുന്നു. ഉപരോധത്തിൽ മുങ്ങിയ ഗാസയെയും ഞങ്ങളുടെ കുഞ്ഞു ഫലസ്തീൻ രാജ്യത്തെയും മാനവ രാശിയെ തന്നെയും സേവിക്കാൻ എനിക്കു കഴിയണമെന്നതായിരുന്നു. ബഹുമാനപ്പെട്ട മുൻ പ്രസിഡന്റ്, എനിക്ക് പ്രായം പതിമൂന്നാണ്. എന്റെ യൂട്യൂബ് ചാനലിൽ അര ലക്ഷമോ ഒരു ലക്ഷമോ പത്തു ലക്ഷമോ ഒരു കോടിയോ സബ്‌സ്‌െ്രെകേസ് ഉണ്ടാകുകയെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളമത് ആകാശം മുട്ടെ ഉയരമുള്ള ആഗ്രഹമായിരുന്നു.
ഗാസയിലെ അൽ നഖാൽ െ്രെപമറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് എന്റെയുള്ളിലെ പ്രതിഭ പുറത്തുവന്നത് എന്ന കാര്യം പലരും പറയുന്നത് കേട്ടിരുന്നു. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി നിർമിച്ചതിന്റെ പേരിൽ 2020 ഫെബ്രുവരിയിൽ സ്‌കൂളിൽ നിന്നും പ്രത്യേക അഭിന്ദനമറിയിച്ച് എനിക്കൊരു അനുമോദന സന്ദേശമയച്ചത് അതിനൊരു കാരണമായിരുന്നു. ഭാവിയിൽ ഒരു ശാസ്ത്രജ്ഞനാകണമന്നതായിരുന്നു എന്റെ ആഗ്രഹം. ഉപരോധത്തിൽ മുങ്ങിയ ഗാസയെയും ഞങ്ങളുടെ കുഞ്ഞു ഫലസ്തീൻ രാജ്യത്തെയും മാനവരാശിയെ തന്നെയും സേവിക്കാൻ എനിക്കു കഴിയണം. മാനവ സമൂഹത്തിനു സേവനം ചെയ്യണമെന്ന്് എന്റെ കൂട്ടുകാരായ നിരവധി കുട്ടികളുടെയും ആഗ്രഹമായിരുന്നു. ഗാസയിലെ തുറന്ന തടവറയിലെ ഞെരുങ്ങിയ ജീവിതം ആ സ്വപ്‌നത്തിനൊരു തടസമായിരുന്നില്ല.
സ്വാതന്ത്ര്യവാദികളെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളുടെയും അനുഗ്രഹാശിസുകളോടെ 2007 മുതൽ ഞങ്ങൾ ഉപരോധത്തിലാണ് കഴിയുന്നത്. ഞങ്ങളുടെ രാജ്യത്തിനു സ്വാതന്ത്യം വേണമെന്ന ആവശ്യം ഉയർത്തി എന്നതല്ലാതെ മറ്റൊരു പാതകവും ഞങ്ങൾ ചെയ്തിട്ടില്ലായിരുന്നു. സ്വാന്തന്ത്ര്യ പോരാളികളായ നിങ്ങളുടെ യുവാക്കളെയും ഒരു കാലത്ത് ബ്രിട്ടീഷുകാർ വളരെ മോശമായ പദങ്ങളുപയോഗിച്ച് ആക്ഷേപിച്ചിരുന്ന ചരിത്രം അങ്ങേക്കറിയില്ലേ?. നിരവധി മർദ്ദന മുറകൾക്കും കൂട്ടക്കൊലകൾക്കും ശേഷം ഇപ്പോഴും നിങ്ങളാഘോഷിക്കുന്ന സ്വാതന്ത്യം അവർ നിങ്ങൾക്കും നേടിത്തന്നില്ലേ?. ആ സ്വാതന്ത്ര്യ പോരാളികളെ നിങ്ങൾ പ്രശംസിക്കുകയും അവരുടെ പേരിൽ നിങ്ങൾ ഇപ്പോഴും അഭിമാനിക്കുകയും ചെയ്തു വരുന്നില്ലേ. ഗാസയിലെ ചർച്ചുകളെയും മസ്ജിദുകളെയും സ്‌കൂളുകളെയുമൊക്കെ പോലെ ഞാൻ പഠിച്ച പ്രൈമറി സ്‌കൂളും ഇസ്രായിൽ ബോംബാക്രമണത്തിൽ തകന്നടിഞ്ഞു. നിങ്ങൾ പഠിച്ച എലിമെന്ററി സ്‌കൂൾ ബോംബ് വർഷിക്കുന്നതു പോയിട്ട് തകരുന്നതു പോലും നിങ്ങൾക്ക് സഹിക്കുമോ.
ആയിരക്കണക്കിനു രോഗികളുള്ള സമയത്തുതന്നെ ആശുപത്രികൾ ഇസ്രായിൽ ബോംബിട്ടു തകർത്തു. ആശുപത്രികളും മറ്റും അമേരിക്കൻ മിസൈലുകൾ തകർക്കില്ലെന്ന വിശ്വാസത്തിലായിരുന്നു മരണം ഭയന്നോടിയ അഭയാർത്ഥികളും എല്ലാം നഷ്ടപ്പെട്ടവരും അവിടങ്ങളിൽ കഴിഞ്ഞു കൂടിയിരുന്നത്. ഹോസ്പിറ്റലുകളും സ്‌കൂളുകളും തകർക്കുന്നതിൽനിന്ന് ഇസ്രായിലിനെ അമേരിക്ക ഉൾപ്പെടെയുള്ള സ്വാതന്ത്യവാദികളായ രാജ്യങ്ങൾ തടയുമെന്നതായിരുന്നു അവരുടെയെല്ലാം ധാരണ. എത്ര ശുദ്ധ ഹൃദയരായാണ് ഞങ്ങൾ. അവരെ കുറിച്ചെല്ലാം നല്ലതു വിചാരിച്ചിരുന്നു. ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് എത്ര ആശുപത്രികളാണ് ഇസ്രായിൽ ബോംബു വെച്ചു നശിപ്പിച്ചത്. അൽ ശിഫാ ഹോസ്പിറ്റലിലെ അറബി ഭാഷയിലുള്ള നോട്ടീസ് ബോർഡിൽ എഴുതിയ ദിവസങ്ങളുടെ പേരു പോലും യുദ്ധ ഭൂമിയിലേക്കു പ്രവേശനമുണ്ടായിരുന്ന ഏക വാർത്താ ചാനലായ നിങ്ങളുടെ രാജ്യത്തെ സി.എൻ.എൻ പോലും പ്രദർശിപ്പിച്ചത് ഭീകരവാദികളുടെ പേരയിട്ടായിരുന്നില്ലേ?. അത്തരം തമാശകൾ കണ്ട് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് എനിക്കു പോലും ചിരി വന്നിട്ടുണ്ട്. മരണത്തിന്റെ ഗന്ധമാണെല്ലായിടത്തും. ഓരോരുത്തരും നേരം വെളുപ്പിക്കുന്നതും രാത്രിയാക്കുന്നതുമെല്ലാം ഇപ്പോഴല്ലെങ്കിൽ അടുത്ത നിമിഷത്തിൽ അമേരിക്കയുടെ സ്മാർട്ട് മിസൈലുകൾ ലക്ഷ്യം തെറ്റാതെ തങ്ങളെ തേടിയെത്തുമെന്ന ഭീതിയിലാണ്.
ഗാസയിലെ അമ്മമാർ അവരുടെ പിഞ്ചാമനകളുടെ കൈകളിലും കാലുകളിലും കുട്ടികളുടെ പേരുകളെയഴുതുന്നത് നിങ്ങറിഞ്ഞിട്ടുണ്ടോ. തികച്ചും പ്രാഥമിക ഉപകരണങ്ങളുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ അവരുടെ ഛിന്നഭിന്നമാകാൻ പോകുന്ന ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞ് ശേഖരിച്ച് ഒരുമിച്ച് മറവു ചെയ്യണമെന്ന ആഗ്രഹത്താടെയാണത് ചെയ്യുന്നത്. അതെ, എത്രെയെത്ര കുട്ടിയുടെ കൈകാലുകളാണ് ബന്ധുക്കളുടെ ശരീര ഭാഗങ്ങൾക്കൊപ്പം മറവു ചെയ്തത്. എന്നെ വിശ്വസിക്കാനാകുന്നില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളോടൊന്ന് അന്വേഷിച്ച് നോക്കുക.
ഒബാമ, തലമുടിയിലൂടെ മാത്രം സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ ക്ലിപ്പ് നിങ്ങൾ കണ്ടിരുന്നോ?. കെട്ടിടാവശിങ്ങൾക്കടിയിൽ നിന്് കണ്ടെടുത്ത ഏഴുവയസുകാരിയുടെ മറ്റൊരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടായിരുന്നോ അവളുടെ സഹോദരന്മാരുടെയും മാതാവിന്റെയും ശവശരീരങ്ങൾ മാത്രമായിരുന്നു അവൾക്ക് കാണാൻ ബാക്കിയുണ്ടായിരുന്നത്.
Awni Aldous dreamed of being a YouTuber.
— Palestine Info Center (@palinfoen) October 26, 2023
Israel killed him.
pic.twitter.com/92iC0IOi2V
പേരക്കുട്ടിയുടെ ശവശരീരവുമെടുത്തു കണ്ണീർ വാർക്കുന്ന മറ്റൊരു അപ്പൂപ്പൻ. പിഞ്ചു കുട്ടികളുടെയും സ്ത്രീകളുടെയും ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങൾ കാണുന്ന എത്രയെത്ര ക്ലിപ്പുകളുണ്ടെന്നറിയുമോ. 7000 ലേറെ കുട്ടികളെയാണ് ഇസ്രായിൽ ഇതുവരെയായി കൊന്നൊടുക്കിയത്. നിങ്ങളുടെ മിസൈലുകളുപയോഗിച്ച് ഇസ്രായിൽ ഞങ്ങളെ ഭൂമുഖത്ത് നിന്ന്് തന്നെ തുടച്ചു നീക്കിയേക്കാം. ഞങ്ങളെ കൊന്നൊടുക്കുന്നത് പകർത്തുന്ന മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും ഇസ്രായിൽ കൊന്നു കൊണ്ടിരിക്കുന്നു. ഒബാമ, ഈ വരികൾ എഴുതുമ്പോൾ എന്റെ യൂറ്റിയൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 1.43 ദശലക്ഷം എത്തിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ ഇൻസറ്റഗ്രാം ചാനലിന്റെ സബ്‌സ്‌െ്രെകബർമാരുടെ എണ്ണം 93,300 ൽ എത്തിയിട്ടുണ്ട്. എന്റെ വാക്കുകൾ വായിച്ചിരിക്കേ എന്നെ കാണണമെന്ന് നിങ്ങൾക്ക് ഉദ്ദേശമുണ്ടെങ്കിൽ ദയവായി എന്റെ യുറ്റിയൂബ് അക്കൗണ്ടിൽ നിങ്ങൾക്ക് എന്നെ കാണാം. എന്റെ ചാനൽ ദയവായി നിങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യരുതെന്നൊരു അപേക്ഷയും കൂടി എനിക്കുണ്ട്. ഏതെങ്കിലുമൊരു അമേരിക്കൻ ഉദ്യോഗസ്ഥൻ എന്റെ ചാനലിലെ ബെൽ ഐക്കൺ ഓൺ ചെയ്യുന്നതും സബ്‌സ്‌ക്രൈബ് ചെയ്യുന്നതും ഭീതിയോടെയാണ് ഞാൻ കാണുന്നത്.