ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അറിയിച്ചു. രണ്ടു മാസത്തിലേറെയായി വാജ്‌പേയ് എയിംസില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകുന്നേരം 7.15-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എയിംസിലെത്തി വാജ്‌പേയിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഒരു മണിക്കൂറോളം സമയം മോഡി എയിംസില്‍ ഉണ്ടായിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ആരോഗ്യ നില ഗുരുതരമാണെന്ന പ്രസ്താവന ആശുപത്രി പുറത്തിറക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആരോഗ്യനില വഷളായതെന്നും എയിംസ് അറിയിച്ചു.