കൊൽക്കത്ത / ന്യൂഡൽഹി - തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിലൂടെ പുറത്തുവന്നത് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമതാ ബാനർജി.
ബി.ജെ.പി ജനാധിപത്യത്തെ കൊന്നുവെന്നും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ദുഃഖദിനമാണ് ഇന്നത്തേതെന്നും ഓർമിപ്പിച്ച അവർ ഈ യുദ്ധത്തിൽ മഹുവ വിജയിക്കുമെന്നും വ്യക്തമാക്കി. സംഭവത്തിൽ നീതിക്കുവേണ്ടി ശക്തമായി നിലകൊണ്ട ഇന്ത്യ മുന്നണി നേതാക്കളെ മമതയും മഹുവ മൊയ്ത്രയും പ്രത്യേകം അഭിനന്ദനവും നന്ദിയും അറിയിച്ചു.
ചോദ്യത്തിന് പകരം കോഴ ആരോപണം നേരിട്ട മഹുവ മൊയ്ത്രയെ എത്തിക്‌സ് കമ്മിറ്റി റിപോർട്ടിന്റെ മറപിടിച്ച് ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ പാർല്ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയിൽ മഹുവയ്ക്ക് തന്റെ ഭാഗം വിശദീകരിച്ച് സംസാരിക്കാനുള്ള അനുമതി പോലും നിഷേധിച്ചായിരുന്നു പുറത്താക്കൽ നാടകം. റിപോർട്ടിൽ വിശദമായി വാദം കേട്ട് ചർച്ച വേണമെന്ന് പ്രതിപക്ഷം വാദിച്ചെങ്കിലും അതിനും സർക്കാർ മുഖം കൊടുത്തിരുന്നില്ല. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം കണക്കിലെടുത്ത് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു സ്പീക്കർ ഓംനാഥ് ബിർള്ള. ഇതിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ ശക്തമായി നിലകൊണ്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല.