പെണ്‍കുട്ടികള്‍ ലൈംഗിക ദാഹം നിയന്ത്രിക്കണം; ഉപദേശികളായ ജഡ്ജിമാര്‍ക്കെതിരെ സുപ്രീം കോടതി

ന്യൂദല്‍ഹി- ലൈംഗിക ദാഹം നിയന്ത്രിക്കണമെന്ന് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ ഉപദേശിച്ച കല്‍ക്കത്ത ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.
ജഡ്ജിമാര്‍ ഇത്തരം ഉപദേശ പ്രസംഗം നടത്തേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക്രയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി നിരീക്ഷണം. കേസില്‍ കോടതിയെ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷക മാധവി ദിവാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.  
ഹൈക്കോടതിയുടെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് ഭരണഘടനയുടെ 21ാം അനുഛേദപ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണ്. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇങ്ങനെ വിളിച്ചു പറയേണ്ടതില്ല. അവര്‍ ഉപദേശ പ്രസംഗം നടത്തേണ്ടവര്‍ അല്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും  നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ ലൈംഗിക തൃഷ്ണ അടക്കിവയ്ക്കണമെന്നാണ് ഒക്ടോബര്‍ 18ന് പ്രസ്താവിച്ച വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.

 

Latest News