വാഷിംഗ്ടണ്‍-ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സ്ഥിരത വീണ്ടെടുക്കാനും സമാധാന പ്രക്രിയ പുനരാരംഭിക്കാനും സാഹചര്യങ്ങള്‍ ഒരുക്കണമെന്നും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. യു.എസ് റിപ്പബ്ലിക്കന്‍ സെനറ്ററും യു.എസ് സെനറ്റിലെ ജുഡീഷ്യറി അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ ലിന്‍ഡ്‌സെ ഗ്രഹാമുമായി വാഷിംഗ്ടണില്‍ വെച്ച് കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍ കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷയിലും സമാധാനത്തിലും അപകടകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന്, സംഘര്‍ഷം ലഘൂകരിക്കാനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സൗദി വിദേശ മന്ത്രി പറഞ്ഞു.
ഗാസയില്‍ അടിയന്തിരമായ മാനുഷിക സഹായങ്ങളും ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ വസ്തുക്കളും എത്തിക്കാന്‍ സുരക്ഷിത ഇടനാഴികള്‍ ഒരുക്കണം. നിയമാനുസൃത അവകാശങ്ങള്‍ ഫലസ്തീനികള്‍ക്ക് ഉറപ്പാക്കുന്ന നിലക്ക് സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കണമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയും വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദും കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.
അതിനിടെ, കഴിഞ്ഞ മാസം റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്‌ലാമിക് സംയുക്ത ഉച്ചകോടി ചുമതലപ്പെടുത്തിയ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള മന്ത്രിതല കമ്മിറ്റി വാഷിംഗ്ടണില്‍ യു.എസ് കോണ്‍ഗ്രസിലെ വിദേശകാര്യ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ഗാസയിലെ പുതിയ സംഭവവികാസങ്ങളും വെടിനിര്‍ത്തല്‍ നടപ്പാക്കാനും, സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കാനും നടത്തുന്ന ശ്രമങ്ങളും വിശകലനം ചെയ്തു. ഗാസയില്‍ അടിയന്തിരമായി റിലീഫ് വസ്തുക്കള്‍ എത്തിക്കുന്നതിന് സുരക്ഷിതമായ ഇടനാഴികള്‍ ഒരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിതല കമ്മിറ്റി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമ, ധാര്‍മിക മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വിവേചനം നിരാകരിച്ചും ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കിയും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണം. ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍ നടപ്പാക്കി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാന്‍ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും മന്ത്രിതല കമ്മിറ്റി ആവശ്യപ്പെട്ടു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി, ജോര്‍ദാന്‍ വിദേശ, പ്രവാസികാര്യ മന്ത്രി അയ്മന്‍ അല്‍സ്വഫദി, തുര്‍ക്കി വിദേശ മന്ത്രിയെ പ്രതിനിധീകരിച്ച് അമേരിക്കയിലെ തുര്‍ക്കി അംബാസഡര്‍ ഹസന്‍ മുറാദ് മര്‍ജാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ മന്ത്രിതല കമ്മിറ്റി നേരത്തെ സന്ദര്‍ശിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനെയും വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെയും കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.