ലണ്ടന്‍-ഇന്നത്തെ കാലത്ത് ബിരുദമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. സ്വപ്ന ജോലിയും മികച്ച ശമ്പളവും സ്വന്തമാക്കാന്‍ ബിരുദം നേടുന്നവരാണ് നമ്മളില്‍ അധികവും. എന്നാല്‍ ഡിഗ്രി ഇല്ലെങ്കിലും ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്ലോവാക്യന്‍ സ്വദേശിനിയായ ഡയാന ടാക്കാസോവ എന്ന 34 കാരി. ഹോയി എന്ന കമ്പനിയിലെ ഇന്ധന ടാങ്കര്‍ ഡ്രൈവറാണ് ഇവര്‍. സെന്റ് അല്‍ബേന്‍സിലാണ് ഡയാന താമസിക്കുന്നത്.
ഡയാനയുടെ വാര്‍ഷിക ശമ്പളം പ്രതിവര്‍ഷം 55000 പൗണ്ട് (57.80 ലക്ഷം രൂപ) ആണ്. താമസസൗകര്യത്തിനുള്ള അലവന്‍സും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. കൂടാതെ വര്‍ഷം തോറും 2000 പൗണ്ട് (2.10 ലക്ഷം) ബോണസ് ആയും ഡയാനയ്ക്ക് ലഭിക്കുന്നുണ്ട്.
സ്ലോവാക്യയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഡയാന ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണ് ഡയാനയുടേത്. സാമ്പത്തികമായി വളരെയധികം പിന്നോട്ട് നിന്ന കുടുംബമായിരുന്നു തന്റേതെന്ന് ഡയാന പറഞ്ഞു. ആഡംബരജീവിതം നയിക്കാനുള്ള പണമൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുടുംബത്തോടൊപ്പം യാത്രകള്‍ പോയിരുന്നതെന്നും ഡയാന പറഞ്ഞു.
14-ാം വയസ്സുമുതല്‍ നിരവധി പാര്‍ട്ട് ടൈം ജോലികള്‍ ഡയാന ചെയ്ത് തുടങ്ങി. ഐസ്‌ക്രീം വില്‍പ്പന, കടകളില്‍ സഹായിയായി നില്‍ക്കുക, തുടങ്ങി നിരവധി ജോലികളാണ് ഡയാന ചെയ്തുവന്നിരുന്നത്.
ചില ഫാമുകളിലും ഡയാന ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിശീലനം നേടിയത്. കുട്ടിക്കാലം മുതലെ ഡയാനയ്ക്ക് ഡ്രൈവിംഗ് വളരെയിഷ്ടമായിരുന്നു. വലിയ വാഹനങ്ങളും ട്രക്കുകളും ഓടിക്കാനുള്ള ആഗ്രഹം കുട്ടിക്കാലം മുതല്‍ തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നും ഡയാന പറഞ്ഞു.
19 വയസ്സ് വരെ ഡയാന സ്‌കൂള്‍ പഠനം തുടര്‍ന്നു. 21-ാം വയസ്സില്‍ ഡയാന ഗര്‍ഭിണിയായി. 2010ലാണ് ഡയാന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ ഉന്നതപഠനത്തിന് പോകാന്‍ കഴിയാതെയായി. 2014 ഓടെ ഡയാന യുകെയിലെത്തി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമായിരുന്നു ഇത്. ഡയാനയുടെ മകന്‍ സ്ലോവാക്യയിലാണ് താമസിക്കുന്നത്.