കൊച്ചി- ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗത്തെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ തീവ്ര സംഘടനയായ കാസ രംഗത്തെത്തിയതോടെ ക്ഷമാപണവുമായി നിര്‍മാതാക്കള്‍. ക്രിസ്ത്യന്‍ മത വിഭാഗമെന്ന് പറയാതെ പ്രത്യേക മതവിഭാഗമെന്ന് പറഞ്ഞ ആന്റണിയുടെ നിര്‍മാതാക്കളായ ഐന്സ്റ്റീന് മീഡിയ തങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ കാസയെ വെള്ളപൂശാനും ശ്രമിക്കുന്നുണ്ട്. ആസൂത്രിതമല്ലാത്ത പരിണിത ഫലമെന്ന് പറഞ്ഞാണ് ആസൂത്രിതമായി വര്‍ഗ്ഗീയത കുത്തിക്കയറ്റാറുള്ള കാസയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആന്റണി സിനിമയുടെ നിര്‍മാതാക്കളായ ഐന്സ്റ്റീന് മീഡിയ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ നിന്ന്:
ഐന്സ്റ്റീന് മീഡിയ നിര്‍മ്മിച്ച് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന 'ആന്റണി' സിനിമയില്‍ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണ് 'ആന്റണി'.
പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ/ വേദനിപ്പിക്കുവാനോ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതല്ല എന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഉറപ്പ് തരുന്നു. 'ആന്റണി' തികച്ചും ഒരു സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ്. പരാമര്‍ശിച്ചിരിക്കുന്ന പ്രസ്തുത രംഗം, കഥാ സന്ദര്‍ഭത്തിന് ആവശ്യമെന്ന രീതിയില്‍ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രസ്തുത രംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പര്‍ദ്ധയോ തൊടുത്തുവിടാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ല എന്നും അറിയിച്ചു കൊള്ളട്ടേ!
ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നമ്മുടെ പ്രേക്ഷകര്‍ക്കുള്ളിലെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെ ഞങ്ങള്‍ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. 'ആന്റണി'യിലെ ക്രിയാത്മകമായ ആവിഷ്കാരണങ്ങളുടെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങളെ ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവര്‍ത്തകര്‍ എന്ന നിലയിലും
വിശ്വാസപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു. സര്‍ഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവിയില്‍ കൂടുതല്‍ ക്രിയാത്മകമായ സൃഷ്ടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഞങ്ങള്‍ എന്നും പരിശ്രമിച്ചുകൊണ്ടേയിരിക്കും.